Image Courtesy: Harsha Vadlamani/Al Jazeera
(ഹൈദരബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല, 2016 ജനുവരി മാസം 17നു ആത്മഹത്യ ചെയ്തു. രോഹിതിന്റെ ആത്മഹത്യാക്കുറിപ്പിനെ പിൻപറ്റിയുള്ള ചില ചിന്തകളാണു ഈ ലേഖനത്തിൽ)
രോഹിത് വെമുലയുടെ മരണം ഒരുപാട് ഹൃദയങ്ങളെ വല്ലാതെ ഉലച്ചിട്ടുണ്ട്. ആ വേദന, ജാതിവിവേചനത്തിനെതിരെയുള്ള ശക്തമായ ജാഗ്രതയും മുന്നേറ്റവുമായി നമുക്കു ചുറ്റും പടരുകയുമാണ്. എന്നാല്‍, ദളിത് പശ്ചാത്തലമുള്ള ഒരു യുവാവ് സവര്ണ്ണപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു എന്നതു മാത്രമല്ല ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് ഞാന്‍ കരുതുന്നു; രോഹിതിന്റെ കത്തിനും അതിലൊരു പങ്കുണ്ട്. നമ്മെയെല്ലാം ആഴത്തില്‍ സ്പര്‍ശിക്കുന്ന, വളരെ മാനുഷികവും കാലാതീതവുമായ ഒരു വിചാര-വികാരധാര ആ എഴുത്തില്‍ ഉടനീളമുണ്ട്. “വളരെ മാനുഷിക”മെന്നു ഞാന്‍ പറയുന്നത്, എന്താണ് മാനുഷികതയെന്ന് ഒട്ടും വ്യക്തമല്ലാത്ത ഒരു കാലഘട്ടത്തിലാണെന്ന് അറിയാം. എന്നാല്‍, ഈ അവ്യക്തതയെക്കുറിച്ചും, അതിന്റെ മാരകഫലങ്ങളെക്കുറിച്ചുമാണ് രോഹിത് പ്രധാനമായും നമ്മോടു പറയാന്‍ ശ്രമിച്ചതെന്നാണ് എന്റെ അനുഭവം. തന്റെ അന്തഃസത്തയെക്കുറിച്ച്, അതിന്റെ മൂല്യത്തെക്കുറിച്ച്, വ്യക്തത തരാനാകാത്ത ഒരു സമൂഹത്തില്‍ ജീവിക്കേണ്ടിവരുമ്പോള്‍ ഒരു മനുഷ്യജീവിക്കുണ്ടാകുന്ന അപാരമായ ആശയക്കുഴപ്പവും, നിസ്സഹായതയും, ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അതുണ്ടാക്കുന്ന ന്യൂനീകരണവുമാണ്, രോഹിതിന്റെ കത്തിനു വിഷയമാകുന്നത്. താനും തന്റെ സമാനപശ്ചാത്തലമുള്ളവരും അനുഭവിക്കുന്ന ജാതിവിവേചനത്തെ, മേല്‍പ്പറഞ്ഞ ജ്ഞാനപരമായ പാപ്പരത്തത്തിന്റെ, ന്യൂനീകരണത്തിന്റെ, തുടര്‍ച്ചയായാണ് രോഹിത് വിവരിക്കുന്നത്.
രോഹിതിന്റെ ഒരു ആരാദ്ധ്യപുരുഷന്‍ കാള്സേഗനാണ് (Carl Sagan). ജീവിതകാലം മുഴുവന്‍ പ്രപഞ്ചത്തെക്കുറിച്ച് മനനം ചെയ്ത ആ ശാസ്ത്രജ്ഞനെയാണ് മരിക്കാന്‍ ഒരുങ്ങുമ്പോഴും രോഹിത് പരാമര്‍ശിക്കുന്നത്. അയാളെപ്പോലെ എഴുതാനാണ് രോഹിത് ആഗ്രഹിച്ചിരുന്നത്. നമ്മള് ആരാധിക്കുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യര്‍ നമ്മള് ആരാണെന്നുകൂടിയല്ലേ വെളിപ്പെടുത്തുന്നത്? മാധ്യമങ്ങളും മറ്റു പലരും അവതരിപ്പിക്കുന്നതുപ്പോലെ ജാതിപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒരു (ദളിത്) വിദ്യാര്‍ഥി മാത്രമല്ല രോഹിത്; ജ്ഞാനാര്ഥിയായ, താനുള്‍പ്പെടെ ലോകമൊട്ടുക്കുള്ള മനുഷ്യരുടെ യാതനകളെ പരിഗണിക്കുന്ന, അനുകമ്പ മുറ്റിയ ഒരു സിദ്ധാര്‍ത്ഥനുമാണ് നമ്മുടെ രോഹിത്.
അതിനാല്‍, രോഹിതിന്റെ കത്ത് കൂടുതല്‍ ആഴത്തിലുള്ള വായനയും, ആത്മവിമര്‍ശനവും, പ്രവര്ത്തനനയവും, നമ്മില്‍നിന്ന് ആവശ്യപ്പെടുന്നുണ്ട്.
രോഹിത് തുടക്കത്തില്‍ എഴുതുന്നു: എനിക്ക് ആരോടും പരാതിയില്ല. ഞാനുമായി ബന്ധപ്പെട്ടുതന്നെയാണ് എനിക്കെല്ലായ്പ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നത്. എന്റെ ആത്മാവും ശരീരവും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന ഒരു അകലം എനിക്ക് അനുഭവപ്പെടുന്നു.
ഞാന്‍ ശാസ്ത്രത്തേയും, പ്രകൃതിയേയും, നക്ഷത്രങ്ങളേയും സ്നേഹിച്ചു. പിന്നെ ഞാന്‍ ആളുകളേയും സ്നേഹിച്ചു; അവര്‍ പ്രകൃതിയില്‍നിന്നും വളരെ പണ്ടേ വേര്പിരിഞ്ഞിരിക്കുന്നുവെന്നറിയാതെ. നമ്മുടെ വികാരങ്ങള്‍ നമ്മില്നിന്നുള്ളവയല്ല (our emotions are second handed). നമ്മുടെ സ്നേഹം നിര്‍മ്മിക്കപ്പെടുന്നതാണ്… നമ്മുടെ മൌലികത വിലയിരുത്തപ്പെടുന്നത് കൃത്രിമമായ കലയിലൂടെയാണ്. മുറിപ്പെടാതെ സ്നേഹിക്കാന്‍ പറ്റുകയെന്നത് സത്യത്തിൽ ബുദ്ധിമുട്ടായിരിക്കുന്നു.
ഒരു മനുഷ്യന്റെ മൂല്യം അവന്റെ സ്ഥല-കാലസ്വത്വത്തിലേക്കും (immediate identity) (അതിനു) തൊട്ടടുത്തുള്ള സാധ്യതകളിലേക്കുമായി ചുരുക്കപ്പെട്ടിരിക്കുന്നു; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, ഒരു വസ്തുവിലേക്ക്… മനുഷ്യമനസ്സ് , നക്ഷത്രശകലങ്ങളാല്‍ ഉണ്ടായിട്ടുള്ള അവന്റെ മഹത്തായ സത്ത, ഒരിക്കലും പരിഗണിക്കപ്പെടുന്നില്ല; എല്ലായിടങ്ങളിലും, (അതു) പഠനങ്ങളിലാകട്ടെ, തെരുവുകളിലാകട്ടെ, രാഷ്ട്രീയത്തിലാകട്ടെ, മരണത്തിലാകട്ടെ, ജീവിതത്തിലാകട്ടെ…
ഒരു വേള ഈ ലോകത്തെ മനസ്സിലാക്കുന്നതില്‍ എനിക്കു തെറ്റുപറ്റിയതായിരിക്കാം; സ്നേഹത്തെ, വേദനയെ, ജീവിതത്തെ, മരണത്തെയൊക്കെ മനസ്സിലാക്കുന്നതില്‍… (ഞാന്‍) അതിനായി തിരക്കുപിടിക്കേണ്ടിയിരുന്നില്ല; എങ്കിലും ഞാന്‍ എപ്പോഴും തിടുക്കത്തിലായിരുന്നു; ജീവിച്ചുതുടങ്ങാനായി വെമ്പുകയായിരുന്നു….
ആലോചിച്ചുനോക്കിയാല്‍, രോഹിത് എഴുതിയതില്‍ ഇത്രയും ഭാഗം ഭൂമിയിലെ ഏതാണ്ടെല്ലാ മനുഷ്യരെ സംബന്ധിച്ചും സത്യമല്ലേ? തന്റെ മഹത്ത്വത്തെ അതിന്റെ തികവില്‍ പരിഗണിക്കാത്ത ഒരു ലോകത്ത് ജീവിക്കേണ്ടിവരുന്ന ഏതൊരു മനുഷ്യജീവിയുടേയും ഏറ്റവും ആത്മാര്‍ഥമായ സന്ദേഹങ്ങളും ചോദ്യങ്ങളുമല്ലേ അവയെല്ലാം? അത്രമേല്‍ സ്നേഹിക്കയാല്‍ എത്രയും മുറിപ്പെടുന്ന ഒരാൾ നമ്മളിലെല്ലാമില്ലേ?
സാര്‍വത്രികവും സമഗ്രവുമായ ഈ കാഴ്ചയുടെ തുടര്‍ച്ചയായാണ് രോഹിത് തന്റെ സവിശേഷമായ ജീവിതാനുഭവങ്ങളിലേക്ക് കടക്കുന്നത്.
അതേസമയം, ചില ആളുകള്‍ക്ക് ജീവിതംതന്നെ ഒരു ശാപമാണ്. എന്റെ ജനനംത്തന്നെ മാരകമായ ഒരു അപകടമാണ്. കുട്ടിക്കാലത്തെ എന്റെ ഒറ്റപ്പെടലിനെ, (ആരാലും) ആസ്വദിക്കപ്പെടാത്ത എന്റെ ബാല്യത്തെ ഞാന്‍ ഒരിക്കലും മറികടക്കില്ല.
ഞാനിപ്പോള്‍ മുറിവേറ്റവനല്ല; ദുഖിതനുമല്ല. എന്റെയുള്ളിലുള്ളത് ശൂന്യത മാത്രം. ഞാന്‍ എന്നോടുതന്നെ ഉദാസീനനായിരിക്കുന്നു. അത് ദയനീയമാണ്. അതുകൊണ്ടാണ് ഞാനിതു ചെയ്യുന്നത്.
…ഞാന്‍ പോയിക്കഴിയുമ്പോള്‍, ആളുകള്‍ എന്നെ ഭീരുവായും, സ്വാര്‍ത്ഥനായും, മഠയനായും, തള്ളിപ്പറഞ്ഞേക്കാം. ഞാന്‍ എന്തു വിളിക്കപ്പെടുമെന്നതിനെക്കുറിച്ച് ഞാന്‍ വിഷണ്ണനല്ല. മരണാനന്തര കഥകളിലോ, ഭൂതപ്രേതാദികളിലോ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ എന്തിലെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍, അത് എനിക്ക് നക്ഷത്രങ്ങളിലേക്കു യാത്ര ചെയ്യാനാകുമെന്നും, മറ്റു ലോകങ്ങളെകുറിച്ചു അറിയാനാകുമെന്നും മാത്രമാണ്.
തന്റെ ജ്ഞാനപരമായ ജിജ്ഞാസയെയാണ് മരണത്തേയും മറികടക്കാന്‍ ശേഷിയുള്ളതായി രോഹിത് കരുതുന്നത്. രോഹിതിന്റെ മരണത്തോടുള്ള നമ്മുടെ പ്രതികരണം, പല രൂപഭാവങ്ങളില്‍ ഇന്നും തുടരുന്ന ജാതിവ്യവസ്ഥയോടും അതിനെ ശക്തിപ്പെടുത്തുന്ന ഹിന്ദുത്വശക്തികളോടും മാത്രമാണെങ്കില്‍ അതു പൂര്‍ണ്ണമാകില്ല.
രോഹിതിന്റെ കത്തിലെ ഈ ഭാഗം ഒന്നുകൂടെ നോക്കൂ: ഒരു മനുഷ്യന്റെ മൂല്യം അവന്റെ സ്ഥല-കാലസ്വത്വത്തിലേക്കും (അതിനു) തൊട്ടടുത്തുള്ള സാധ്യതകളിലേക്കുമായി ചുരുക്കപ്പെട്ടിരിക്കുന്നു; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, ഒരു വസ്തുവിലേക്ക്. മനുഷ്യമനസ്സ്, നക്ഷത്രശകലങ്ങളാല്‍ ഉണ്ടായിട്ടുള്ള അവന്റെ മഹത്തായ സത്ത, ഒരിക്കലും പരിഗണിക്കപ്പെടുന്നില്ല; എല്ലായിടങ്ങളിലും, (അതു) പഠനങ്ങളിലാകട്ടെ, തെരുവുകളിലാകട്ടെ, രാഷ്ട്രീയത്തിലാകട്ടെ, മരണത്തിലാകട്ടെ, ജീവിതത്തിലാകട്ടെ…
രോഹിത് പറയുന്നതുപോലെ, മനുഷ്യന്റെ മൂല്യം ഒരു വോട്ടിലേക്കും, വസ്തുവിലേക്കും, അക്കത്തിലേക്കും, ചുരുങ്ങിക്കഴിഞ്ഞ സാഹചര്യം ആഗോളമാണ്. ആ സാഹചര്യം ഒരുക്കിയതിലും നിലനിര്‍ത്തുന്നതിലും മാറ്റിതീര്ക്കാത്തതിലും നിലവിലെ അക്കാദമിക് സമൂഹത്തിന് വലിയൊരു പങ്കുണ്ട്.
എന്താണ് (ബ്രാഹ്മണ)പൌരോഹിത്യം? മനുഷ്യനെ തന്റെ സ്വതസിദ്ധമൂല്യത്തില്നിന്ന് അന്യവല്കരിച്ച്, സ്വാതന്ത്ര്യം (സ്വര്‍ഗ്ഗം) മറ്റെവിടെയോ, പിന്നെപ്പൊഴോ ആണെന്നും, ജീവിതം പരിമിതികളുടെ കൂത്തരങ്ങാണെന്നും പഠിപ്പിക്കുന്നത് പൌരോഹിത്യമാണ്. ഈ ശിക്ഷണമാണ് അനീതികള്‍ക്ക് (ഭരണകൂടത്തിന്) വിനീതവിധേയരാകാന്‍ മനുഷ്യരെ സജ്ജരാക്കുന്നത്. ഇങ്ങനെ, മനുഷ്യന്റെ, അസ്തിത്വത്തിന്റെ ഇപ്പോള്‍ ഇവിടെയുള്ള മൂല്യത്തികവിനെ അനിശ്ചിതമായ ഒരു ഭാവികാലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നതാണ് പൌരോഹിത്യമെങ്കില്, നമ്മുടെ കാലത്തെ മുഖ്യധാരാ അക്കാദമിക് ലോകവും, സാമൂഹികപ്രവര്ത്തനവും ഇതുതന്നെയാണ് മനുഷ്യരാശിയോട് ചെയ്തുകൊണ്ടിരിക്കുന്നത്.
ആധുനികതയുടെ പ്രത്യയശാസ്ത്രമായ ആധുനികശാസ്ത്രം, സത്യത്തെ (സ്വാതന്ത്ര്യം) ഭാവികാലത്തെങ്ങോ കണ്ടുപിടിക്കാനിടയുള്ള ഒരു സംഗതിയായാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ശാസ്ത്രത്തിന്, മനുഷ്യനുള്‍പ്പെടെയുള്ള ജീവികളെല്ലാം ഒരു അതിജീവന-പരിണാമപ്രക്രിയയിലെ കണ്ണികള്‍ മാത്രമാണ്. മനുഷ്യ-പ്രപഞ്ചത്തിന്റെ മൂല്യമെന്താണെന്ന, പ്രാഥമികവും പരമപ്രധാനവുമായ ചോദ്യത്തിന് ഉത്തരമില്ലാത്ത ഈ ജ്ഞാനസമീപനത്തിന്റെ പ്രായോഗികഫലമാണ് മൂല്യപരിഗണനകള്‍ തൊട്ടുതീണ്ടാത്ത കമ്പോളവ്യവസ്ഥയും അതിന്റെ വികസനപരിപ്രേക്ഷ്യവും. ഈ ഏകമാനതയോടുള്ള പ്രതികരണമെന്നോണം ഉരുവംകൊണ്ട ഉത്തരാധുനികതയാകട്ടെ പൊതുവായ സത്യങ്ങള്‍ ഇല്ലെന്നാണു പറയുന്നത്. വൈവദ്ധ്യങ്ങളെ വെളിപ്പെടുത്താനും, അധീശത്വങ്ങളെ വെല്ലുവിളിക്കാനും ഈ നിലപാട് സഹായകരമാണെന്നു വരാം. എന്നാല്‍, ആപേക്ഷികമായ സത്യങ്ങളേ ഉള്ളൂവെന്നു പറയുമ്പോള്‍, മനുഷ്യന് സ്ഥല-കാലബന്ധിതമായ അറിവുകളേ സാധ്യമായുള്ളൂ എന്നു സമര്‍ത്ഥിക്കുമ്പോള്‍, നാം മനുഷ്യസ്വത്വത്തെതന്നെയാണ് സ്ഥല-കാലബന്ധിതം മാത്രമായി പ്രഖ്യാപിക്കുന്നത്.
സാര്വത്രികമായതൊന്നിനെക്കുറിച്ചൊന്നും പറയാതെ സവിശേഷമായതിനെക്കുറിച്ചു മാത്രം പറയുന്ന ഈ സമീപനം, രോഹിതിന്റെ, നക്ഷത്രശകലങ്ങളാല്‍ ഉണ്ടായിട്ടുള്ള മഹത്തായസത്തയോട് നീതിപുലര്ത്തുന്നില്ലതന്നെ. അഥവാ, സാര്വത്രികതയെക്കുറിച്ചു പറയാത്ത സവിശേഷതയും സവിശേഷതയെക്കുറിച്ചു പറയാത്ത സാര്‍വത്രികതയും, മനുഷ്യനെ ഒരേപോലെ പരാജയപ്പെടുത്തുന്നു.
നമ്മുടെ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ജീവിതഗന്ധിയായ എത്ര ഗവേഷണ-പഠനങ്ങള്‍ നടക്കുന്നുണ്ട്? പഠനശേഷം, പൊതുനന്മയില് ഊന്നുന്ന, സ്വകാര്യതാല്‍പ്പര്യങ്ങളെ കൈയ്യൊഴിഞ്ഞ, ജീവിതരീതികളിലേക്ക് എത്രപേര്‍ കടന്നുവരുന്നുണ്ട്? ഏറ്റവും നല്ല വിദ്യാര്‍ഥികള്‍ ഒത്തുചേരുന്ന ഇടമാണ് തങ്ങളുടെ പഠനകേന്ദ്രങ്ങളെന്ന് കലാലയ അധ്യാപകര്‍ക്ക് തീര്‍ച്ചയുണ്ടോ ? അതിനുപുറത്തുള്ള, ഉജ്ജ്വലരായ ജ്ഞാനാര്ത്ഥികളെക്കുറിച്ച് അദ്ധ്യാപകര്‍ ചിന്തിക്കാറുണ്ടോ? അതിജീവനത്തെക്കുറിച്ചുള്ള ഭയം വിട്ടൊഴിയാത്ത അദ്ധ്യാപകര്‍ എങ്ങനെയാണ് ധീരരായ, സകലതിനുംവേണ്ടി നിലപാടെടുക്കാന്‍ കരുത്തുള്ള മനുഷ്യരെ സൃഷ്ടിക്കുക? ഉന്നതവിദ്യാഭ്യാസം കഴിഞ്ഞവരെ തട്ടിയിട്ടുനടക്കാന് വയ്യാത്ത ഇന്ത്യയില്‍ത്തന്നെ, നീതിയില്‍ ഊന്നുന്ന പതിനായിരകണക്കിന് കൂട്ടായ്മകളും സംരഭങ്ങളും ഏറ്റെടുക്കാനും തുടര്‍ച്ചയുണ്ടാക്കാനും ആളുകളില്ലാതെ ഊര്‍ദ്ധ്വശ്വാസം വലിക്കുന്നത് എന്തുകൊണ്ടാണ്…?
ജീവിക്കാന്‍ വെമ്പുന്ന രോഹിതുമാരോട്, അതിനു വിപ്ലവം കഴിയുംവരെ കാത്തിരിക്കണമെന്നു പറയുന്ന, മനുഷ്യന്റെ ആന്തരികതയെ പരിഗണിക്കാത്ത സാമൂഹികപ്രവര്ത്തനവും (‘സാമൂഹിക’, പേരില്‍ത്തന്നെയുണ്ട് ആ എകപക്ഷീയത) അതിന്റെ അന്തസ്സാരശൂന്യതകളെ അഭിമുഖീകരിക്കേണ്ടതുണ്ട്.
ചരിത്രത്തില്‍ പലപ്പോഴും സംഭവിക്കാറുള്ളതുപോലെ, പുതിയ ബ്രാഹ്മണ്യം പഴയ ബ്രാഹ്മണ്യത്തോടു നടത്തുന്ന കലാപമല്ല നമ്മുടെതെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്.