
Image Courtesy: Pexels
(ഹെൻറി ഡേവിഡ് തോറോയുടെ Life Without Principle എന്ന കൃതിയുടെ പരിഭാഷ)
ജീവിതത്തെക്കുറിച്ചു ഞാനെന്താണു വിചാരിക്കുന്നതെന്ന് ഒരാള്‍ ചോദിക്കുകയും അതിനെനിക്കുള്ള ഉത്തരം ശ്രദ്ധിക്കുകയും ചെയ്യുന്നതാണ് എനിക്കു കിട്ടാവുന്നതില്‍വെച്ച് ഏറ്റവും ഗംഭീരമായ പ്രശംസ. അങ്ങനെ സംഭവിക്കുമ്പോള്‍ അതെന്നെ ആശ്ചര്യപ്പെടുത്തുകയും തികച്ചും സന്തുഷ്ടനാക്കുകയും ചെയ്യുന്നു. ഒരാള്‍ക്ക് ഒരു ഉപകരണവുമായി നല്ല പരിചയംവന്നതിനാല് അതിനെ ഏറ്റവും അപൂര്വ്വമായരീതിയില് പ്രയോജനപ്പെടുത്തുന്നതുപോലെയാണത്. എനിക്കു സ്ഥലം അളക്കാന്‍ അറിയാവുന്നതിനാല്‍ ആളുകള്‍ക്കു സാധാരണ എന്നില്‍നിന്നും അറിയേണ്ടത് അവരുടെ സ്ഥലം എത്ര ഏക്കറുണ്ടെന്നുമാത്രമാണ്. അല്ലെങ്കില്‍ ഞാന്‍ ചുമക്കുന്ന ചില നിസ്സാരവാര്ത്തകളാണ്. എന്റെ കാമ്പിനായി അവരൊരിക്കലും ആഴത്തിലേക്ക് ഇറങ്ങുകയില്ല; പുറംതോടാണ് അവര്‍ക്കിഷ്ടം.
അടിമത്തത്തെക്കുറിച്ചു പ്രസംഗിക്കാമോയെന്നു ചോദിച്ച് ഒരിക്കല്‍ ഒരാള്‍ കുറേദൂരെനിന്ന് എന്നെ കാണാന്‍വന്നു. വിശദമായി സംസാരിച്ചപ്പോഴാണു മനസ്സിലായത് അദ്ദേഹവും സംഘവും നടത്തുന്ന എട്ടു പ്രഭാഷണങ്ങളില്‍ ഒന്നു മാത്രമാണ് എന്റേതെന്ന്. അതിനാല്‍ ഞാന്‍ ആ ക്ഷണം നിരസിച്ചു. എന്നെ എവിടെയെങ്കിലും പ്രഭാഷണത്തിനു ക്ഷണിക്കുമ്പോള്‍ – ഇക്കാര്യത്തില്‍ എനിക്ക് അത്യാവശ്യം അനുഭവസമ്പത്തുണ്ട് – ഞാന്‍ ഈ രാജ്യത്തെ ഏറ്റവും വലിയ വിഡ്ഢിയായിരിക്കാമെങ്കിലും ഞാനെന്തൊക്കെയാണു ചിന്തിക്കുന്നതെന്നു കേള്‍ക്കാന്‍ ആളുകള്‍ക്ക് വളരെ താല്പര്യമാണെന്നു ഞാനങ്ങു തീരുമാനിക്കും. ശ്രോതാക്കള്‍ സമ്മതിച്ചേക്കാവുന്നതോ അവര്‍ക്കു സുഖിച്ചേക്കാവുന്നതോ ആയ കാര്യങ്ങളൊന്നും അവരോടു പറയേണ്ടതില്ലെന്നും, നല്ല കടുപ്പത്തിലൊന്ന് അവര്‍ക്കു കൊടുക്കണമെന്നും ഞാന്‍ ഉറപ്പിക്കും. അവര്‍ എനിക്കുവേണ്ടി ആളെ അയച്ചിരിക്കുന്നു, പണവും ചെലവഴിക്കുന്നു. അതുകൊണ്ട്, ഞാനവരെ സകലപരിധിക്കുമപ്പുറം മുഷിപ്പിച്ചാലും അവര്‍ക്കെന്നെ മുഴുവനായിത്തന്നെ കിട്ടേണ്ടതുണ്ട്.
ഏതാണ്ട് ഇതൊക്കെത്തന്നെയാണ് എനിക്കെന്റെ വായനക്കാരോടും പറയാനുള്ളത്. നിങ്ങളെന്റെ വായനക്കാരായതിനാലും ഞാന്‍ അത്ര വലിയ യാത്രക്കാരനൊന്നുമല്ലാത്തതിനാലും, ആയിരംമൈല് അകലെ ഉള്ളവരെക്കുറിച്ചല്ല, കഴിയുന്നത്ര അടുത്തുള്ളവരെപ്പറ്റിയാണു ഞാന്‍ പറയുക. നമുക്ക് സമയം അധികമില്ലാത്തതിനാല്‍ ഞാന്‍ എല്ലാത്തരം പ്രശംസകളും വിട്ടുകളഞ്ഞ് വിമര്ശനങ്ങള്മാത്രം ഇതില്‍ സൂക്ഷിക്കുന്നുമുണ്ട്.
ഈ ലോകം ഒരു ചന്തയാണ്; എന്തൊരവസാനമില്ലാത്ത പരക്കംപാച്ചില്‍! മിക്കവാറും എല്ലാ രാത്രികളിലും തീവണ്ടി എഞ്ചിന്റെ കിതപ്പ് എന്നെ ഉണര്‍ത്താറുണ്ട്. അതെന്റെ സ്വപ്നങ്ങളെ തടസ്സപ്പെടുത്തുന്നു. സാബത്ത്1 എവിടേയും ആചരിക്കപ്പെടുന്നില്ല. മനുഷ്യരാശി ഒരിക്കലെങ്കിലും ഉല്ലാസ്സത്തോടെ വിശ്രമിക്കുന്നതു കാണാനായെങ്കില്‍ അതേറ്റവും മനോഹരമായിരുന്നേനെ. അദ്ധ്വാനം, അദ്ധ്വാനം, അദ്ധ്വാനം ഇതല്ലാതെ മറ്റൊന്നുമില്ല. എനിക്കെന്റെ ചിന്തകള്‍ കുറിച്ചിടാന്‍ പറ്റുന്ന ഒരു നോട്ടുബുക്കു വാങ്ങാന്‍പോലും നിവര്‍ത്തിയില്ല; അതുമുഴുവന്‍ കാശിന്റെ കണക്കെഴുതാന്‍ പാകത്തിനു വരയിട്ടുവെച്ചിട്ടുണ്ടാവും. ഒരിക്കല്‍ ഞാന്‍ വയലിലിരുന്നു കുറിപ്പെഴുതുന്നതുകണ്ട ഒരു ഐറിഷുക്കാരന്, ഞാന്‍ എന്റെ ശമ്പളം കണക്കുകൂട്ടുകയായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഒരാള്‍ ശൈശവത്തില്‍ ജനാലവഴി പുറത്തേക്കെറിയപ്പെട്ട് അയാള്‍ വികലാംഗനായെന്നോ, അതല്ല റെഡ് ഇന്ത്യക്കാര്‍ പേടിപ്പിച്ച് അവനൊരു വികലബുദ്ധിയായെന്നോ ഇരിക്കട്ടെ. അതില്‍ ആളുകള്‍ പ്രധാനമായും ദുഖിക്കുക, അങ്ങനെ അവനു കച്ചവടംച്ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടല്ലോ എന്നു കരുതിയാവും. എനിക്കു തോന്നുന്നത്, അവസാനിക്കാത്ത ഈ കച്ചവടത്തേക്കാള്‍ കവിതയ്ക്കും തത്ത്വശാസ്ത്രത്തിനും, എന്തിന്, ജീവിതത്തിനുത്തന്നെയും വിരോധിയായി മറ്റൊന്നും ഇല്ലെന്നാണ്. വാസ്തവത്തില്‍ കുറ്റകൃത്യങ്ങള്പ്പോലും ഇത്രയ്ക്ക് അപകടകാരികളല്ല.
നാം നമ്മുടെ ജീവിതം ചെലവഴിക്കുന്നതെങ്ങനെയെന്ന് നമുക്കൊന്നു പരിശോധിക്കാം.
ഞങ്ങളുടെ നഗരത്തില്‍ പരുക്കനും പൊങ്ങച്ചക്കാരനുമായ, പണം ഉണ്ടാക്കുന്ന ഒരുത്തനുണ്ട്. അയാള്‍ തന്റെ പറമ്പിലെ കുന്നിനും പുല്ത്തകിടിക്കുമിടയില് ഒരു മതില് പണിയാന്‍ തീരുമാനിച്ചു. അവനെ അവന്റെ വികടത്തരങ്ങളില്നിന്നു മാറ്റിനിറുത്താന്‍ പ്രകൃതിശക്തികളാണ് ഈ ആശയം അവനില്‍ ഉദിപ്പിച്ചത്. ഇപ്പറഞ്ഞ മതിലിനായി ഞാനും അവന്റെയൊപ്പം മൂന്നാഴ്ച കുഴികുത്തണമെന്ന് അവന് ആഗ്രഹിക്കുന്നു. ആ മതിലുകൊണ്ട് ആകെയുള്ള പ്രയോജനം അവനു കുറച്ചുകൂടി പണം സമ്പാദിക്കാന്‍ പറ്റിയേക്കാമെന്നതും, അതവന്റെ അനന്തരാവകാശികള്‍ക്കു അവരുടെ വിഡ്ഢിത്തരങ്ങള്ക്കായി കൈമാറാമെന്നതുമാണ്. ആ പണിക്കു ഞാന്‍ പോയിരുന്നെങ്കില്‍ മിക്ക ആളുകളും ഞാന്‍ വളരെ ശുഷ്കാന്തിയുള്ളവനും അദ്ധ്വാനശീലനുമാണെന്നു പറയുമായിരുന്നു. അതിനുപകരം ഞാന്‍ യഥാര്ത്ഥലാഭം കിട്ടുന്ന, പണം അധികം കിട്ടാത്ത ചില കാര്യങ്ങള്‍ക്കായി എന്നെത്തന്നെ സമര്‍പ്പിച്ചിരുന്നെങ്കില്‍ അവര്ക്കെന്നെയൊരു അലസനായി കാണേണ്ടിവന്നേനെ. ഏതായാലും, എന്നെ അച്ചടക്കമുള്ളവനാക്കുവാന് അര്‍ത്ഥശൂന്യമായ അദ്ധ്വാനങ്ങളുടെ ആവശ്യം എനിക്കില്ല. മേല്‍പ്പറഞ്ഞ ആളുടെ പ്രവര്‍ത്തിയില്‍ പല സര്‍ക്കാര്‍ പദ്ധതികളേക്കാളും പ്രശംസനീയമായൊന്നും ഞാൻ കാണുന്നുമില്ല. അവര്‍ക്ക് അവരുടെ പദ്ധതികള്‍ എത്രമേല്‍ ഗംഭീരമായി തോന്നിയാലും തികച്ചും വ്യത്യസ്തമായ ഒരു വിദ്യാലയത്തില്‍ പഠനം പൂര്‍ത്തിയാക്കാനാണ് എനിക്കിഷ്ടം.
കാടിനോടുള്ള ഇഷ്ടംനിമിത്തം ഒരാള്‍ ദിവസവും കുറേ സമയം കാട്ടിലൂടെ നടക്കുകയാണെന്നിരിക്കട്ടെ; അയാള്‍ ഒരു കുഴിമടിയനായി കണക്കാക്കപ്പെടാനുള്ള സകലസ്സാദ്ധ്യതയുമുണ്ട്. അതേസമയം, അയാള്‍ ആ കാട് മുഴുവന്‍ വെട്ടിനുറുക്കി ഭൂമിയെ അകാലത്തില്‍ തരിശാക്കുകയും ഒരു ഊഹക്കച്ചവടക്കാരനായി ദിവസം മുഴുവന്‍ ചെലവഴിക്കുകയും ചെയ്താല്‍ സ്ഥിരോത്സാഹവും സംരഭകത്വവും ഉള്ളവനായി അയാള്‍ വാഴ്ത്തപ്പെടും. ഒരു പട്ടണത്തിന് അതിന്റെ കാടുകളെക്കുറിച്ച് വെട്ടിക്കളയണമെന്നതില് കവിഞ്ഞു യാതൊരു താല്പര്യവും ഇല്ലാത്തതുപ്പോലെയാണത്.
ആളുകളോടു കൂലി തരാം, കുറേക്കല്ലുകള്‍ ഒരു മതിലിന്റെ അപ്പുറത്തേക്കും തിരിച്ച് ഇപ്പുറത്തേക്കും കാര്യമൊന്നുമില്ലാതെ വലിച്ചെറിഞ്ഞുകൊണ്ടിരിക്കണമെന്നു പറഞ്ഞാല്‍ അവരില്‍ മിക്കവര്‍ക്കും അതു തങ്ങളെ അപമാനിക്കാന്‍ പറഞ്ഞതാണെന്നു തോന്നും. എന്നാല്‍, ഇതിലും ഒട്ടും മെച്ചമല്ല ഇക്കാലത്തെ മിക്ക തൊഴിലുകളും. ഒരു വേനല്‍ക്കാലത്ത് പുലര്‍ച്ചെ എന്റെ അയല്‍ക്കാരിലൊരാൾ കൂട്ടാളികളുമൊത്ത് വളരെ വലിയൊരു കല്ല് തടിക്കു മുകളിലിട്ട് ഉരുട്ടിക്കൊണ്ടുപോകുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഭയങ്കരമായ അദ്ധ്വാനത്തിന്റെ ഒരു അന്തരീക്ഷമായിരുന്നു അവിടെ. അദ്ദേഹത്തിന്റെ ഒരു ദിവസത്തെ പണി ആരംഭിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ നെറ്റിത്തടം വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. സകല കുഴിമടിയന്മാര്ക്കുമുള്ള താക്കീതാണത്. തന്റെ കാളകള്‍ക്കൊപ്പം വരിചേര്ന്നുനിന്ന് കൈയ്യിലെ കരുണമുറ്റിയ ചാട്ടയുംചുഴറ്റി അദ്ദേഹം മുന്നേറുകയാണ്. ഞാന്‍ ആലോചിച്ചു: ഇമ്മാതിരി തൊഴിലുകള്‍, സത്യസന്ധവും ക്ലേശകരവും ആയവ, സംരക്ഷിക്കാനാണ് അമേരിക്കന്‍ കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്. ദിവസം മുഴുവന്‍ നീളുന്ന സത്യസന്ധമായ അദ്ധ്വാനം! ഇത്തരം ജോലികളാണ് ഒരാളുടെ അപ്പത്തെ രുചികരവും സമൂഹത്തെയാകെ മധുരതരവുമാക്കുന്നത്. അത്തരം പ്രവര്‍ത്തികളെ സകലരും ബഹുമാനിക്കുകയും പവിത്രമായി കരുതുകയും ചെയ്യുന്നു. ബുദ്ധിമുട്ടേറിയതെങ്കിലും ചെയ്യേണ്ടതുചെയ്യുന്ന ഒരു വിശുദ്ധക്കൂട്ടായ്മയിലെ അംഗമാണ് അദ്ദേഹം. ഇങ്ങനെയുള്ളതൊന്നും ചെയ്യാതെ ഇതെല്ലാം വെറുതെ ജനാലയിലൂടെ നോക്കിക്കൊണ്ടിരിക്കുന്ന എന്നെക്കുറിച്ച് എനിക്കുതന്നെ ഒരല്‍പ്പം മുഷിവ് തോന്നി.
ആ പകല്‍ അങ്ങനെ കഴിഞ്ഞു. വൈകുന്നേരമായപ്പോള്‍ ഞാന്‍ മറ്റൊരു അയല്ക്കാരന്റെ മുററത്തുകൂടി കടന്നുപോയി. ഈ അയല്ക്കാരന് പ്രഭു കണ്ടമാനം വേലക്കാരുള്ളവനും സമൂഹത്തിലേക്ക് യാതൊന്നും മുതല്‍ക്കൂട്ടാതെ ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നവനും ആയിരുന്നു. അയാളുടെ പുരയിടത്തെ അലങ്കരിക്കാന്‍ പണിതിട്ടുള്ള അപഹാസ്യമായ ഒരു കെട്ടുപണിക്കടുത്ത് രാവിലത്തെ ആ കല്ല് കിടക്കുന്നതു ഞാന്‍ കണ്ടു. അക്ഷണത്തില്‍ പണിക്കാരന്റെ അദ്ധ്വാനത്തെക്കുറിച്ച് എനിക്കുണ്ടായ മതിപ്പു നഷ്ടപ്പെട്ടു. എന്റെ അഭിപ്രായത്തില്‍, ഇതിലും മെച്ചപ്പെട്ട വേലകള്‍ക്ക് വെളിച്ചം നല്‍കാനാണു സൂര്യനെ സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പറഞ്ഞവയോടു ചിലതു കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍, കുറച്ചുകാലത്തിനുള്ളില്‍ തൊഴില്‍ദാതാവായ ആ പ്രഭു പട്ടണത്തിലുള്ള മിക്കവാറും ആളുകളോടും കടം മേടിച്ച് ഒളിച്ചോടുകയും അതിനു കുറേ കോടതി നിരങ്ങിയശേഷം മറ്റേതോപ്രദേശത്തേക്ക് കുടിയേറുകയും ചെയ്തു; ഒരിക്കല്‍ക്കൂടി മുന്പറഞ്ഞപോലുള്ള കലാപ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുവാന്ത്തന്നെ…
നിങ്ങള്‍ പണം സമ്പാദിക്കുന്ന വഴികള്‍ ഒട്ടുമിക്കപ്പോഴും നിങ്ങളെ അധഃപതിപ്പിക്കുന്നതായിരിക്കും. പണം കിട്ടുമെന്നല്ലാതെ യാതൊരു പ്രയോജനവും ഇല്ലാത്ത കാര്യങ്ങളാണു നിങ്ങള്‍ ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ ശരിക്കുമൊരു ഉഴപ്പനോ അതിലും മോശപ്പെട്ടവനോ ആണ്. ഒരാള്‍ക്ക് അയാളുടെ തൊഴിലില്‍നിന്നും ശമ്പളത്തില്‍ കവിഞ്ഞൊന്നും കിട്ടുന്നില്ലെങ്കില്‍ അയാള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു; അയാള്‍ സ്വയം വഞ്ചിക്കുന്നു. എഴുത്തുകാരനോ വാഗ്മിയോ ആയതുകൊണ്ടു നിങ്ങള്‍ക്കു പണം കിട്ടുമെങ്കില്‍, അതിനു നിങ്ങള്‍ പ്രശസ്തനായിരിക്കണം; അധഃപതനത്തിന്റെ പടുകുഴിയിലേക്കുള്ള പാച്ചിലാണത്. കൊടുക്കുവാന്‍ അങ്ങേയറ്റം വിസമ്മതിക്കേണ്ട കാര്യങ്ങള്‍ക്കാണു സമൂഹം ഏറ്റവും ഉത്സാഹത്തോടെ വില നല്‍കുക. അങ്ങനെ നിങ്ങള്‍ക്കു പണം കിട്ടിയിട്ടുണ്ടെങ്കില്‍, അതു നിങ്ങള്‍ മനുഷ്യനിലും തരംതാണ ഒന്നായി തീര്ന്നതിനായിരിക്കും. ഇതിലും ബുദ്ധിപൂര്വ്വമായല്ല സാധാരണഗതിയില്‍ രാഷ്ട്രവും ഒരു പ്രതിഭയെ വിലമതിക്കുക.
എന്റെ സ്വന്തം തൊഴിലിനെ സംബന്ധിച്ചാണെങ്കില്‍, എനിക്ക് ഏറ്റവും സംതൃപ്തി തരുന്നതരത്തില്‍ ഞാന്‍ സ്ഥലമളക്കുന്നത് എനിക്കു പണി തരുന്നവര്‍ക്ക് ഇഷ്ടമല്ല. ഞാനെന്റെ ജോലി തട്ടിമുട്ടി അത്ര നന്നായിട്ടൊന്നുമല്ലാതെ ചെയ്യുന്നതാണു അവർക്കു താല്പര്യം. എന്നല്ല, അവര്‍ക്കു ഞാനത് അത്യാവശ്യം വേണ്ടതുപോലെപ്പോലും ചെയ്യരുത്. സ്ഥലം അളക്കാന്‍ പലരീതികളുണ്ടെന്നു ഞാന്‍ പറയുമ്പോള്‍ ആളുകള്‍ സാധാരണ ചോദിക്കുക, ഏതുരീതിയില്‍ അളന്നാലാണ് അവര്‍ക്ക് ഏറ്റവുമധികം സ്ഥലം കിട്ടുക എന്നാണ്; അല്ലാതെ ഏതാണ് ഏറ്റവും കൃത്യമായിരിക്കുക എന്നല്ല. ഞാന്‍ ഒരിക്കല്‍ തടി അളക്കാനുള്ള ഒരു പുതിയ രീതി കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ബോസ്റ്റണില്‍ അതു പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവിടത്തെ തടി അളക്കുന്നയാള് എന്നോടു പറഞ്ഞത്, തടി വില്‍പ്പനക്കാര്‍ക്ക് അവരുടെ തടി കൃത്യമായിട്ടളക്കുന്നതില് താല്‍പ്പര്യമില്ലെന്നും ഇപ്പോള്‍ത്തന്നെ അയാള്‍ ആവശ്യത്തിലധികം കൃത്യമായി അളക്കുന്നതുകൊണ്ട് വില്‍പ്പനക്കാര്‍ പലപ്പോഴും ചാള്സ്ടൗണില്വെച്ചുതന്നെ തടി അളക്കുകയാണെന്നുമാണ്.
തൊഴിലെടുക്കുന്നവന്റെ ലക്ഷ്യം ഉപജീവനമോ ‘നല്ലൊരു ജോലി’പോലുമോ ആയിരിക്കരുത്; ചെയ്യുന്ന കാര്യം നന്നായിച്ചെയ്യുക എന്നതാവണം. ഒരു പട്ടണം അതിന്റെ തൊഴിലാളികള്‍ക്ക് വളരെ നന്നായി കൂലി കൊടുക്കുകയാണെന്നിരിക്കട്ടെ. കൂലിയുടെ കൂടുതല്‍കൊണ്ട് തൊഴിലാളികള്‍ക്കു തങ്ങള്‍ വെറും ഉപജീവനത്തിനായല്ല, മറിച്ചു ശാസ്ത്രീയമോ മൂല്യപരമോ ആയ ലക്ഷ്യങ്ങളെപ്രതിയാണു പണിയെടുക്കുന്നതെന്നു തോന്നുകയാണെങ്കില്‍ അതാ പട്ടണത്തിനു സാമ്പത്തികമായടക്കം കൂടുതല്‍ ഗുണംചെയ്യും. നിങ്ങളുടെ കയ്യിലുള്ള പണത്തിനായി പണിയെടുക്കുന്നവനെയല്ല, തന്റെ തൊഴിലിനോടുള്ള ഇഷ്ടംകൊണ്ട് അതു ചെയ്യുന്നവനെയാണ് നിങ്ങള്‍ ജോലിക്കു വിളിക്കേണ്ടത്.
ചുരുക്കം ചില ആളുകള്‍ അവരുടെ മനസ്സിനിണങ്ങിയ ഒന്നാന്തരം ജോലികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. പക്ഷെ, ഒരൽപ്പം പണമോ പ്രശസ്തിയോകൊണ്ട് അത്തരം ജോലികളില്‍നിന്ന് നമുക്കവരെ വാങ്ങാനാകും. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ അന്വേഷിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ ഞാന്‍ കാണാറുണ്ട്. അതുകണ്ടാല്‍ തോന്നുക ഒരു യുവാവിന് ആകെയുള്ള മൂലധനം ചുറുചുറുക്കാണെന്നാണ്! കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു മുതിര്‍ന്ന മനുഷ്യന് വളരെ ആത്മവിശ്വാസത്തോടെയും എനിക്കു വേറെ പണിയൊന്നും ഇല്ലെന്നമട്ടിലും, എന്റെ ഇതുവരെയുള്ള ജീവിതം ഒരു പരിപൂര്ണ്ണപരാജയമാണെന്ന ഭാവത്തിലും, അദ്ദേഹത്തിന്റെ ഏതോ സ്ഥാപനത്തില്‍ ചേരാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപ്പോയി. ഞാന്‍ കടലിനുനടുക്കു കൊടുങ്കാറ്റില്‍പ്പെട്ട് എങ്ങോട്ടുപോകണമെന്ന് ഒരെത്തും പിടിയുമില്ലാതിരിക്കുമ്പോള് അദ്ദേഹം എന്നെ കണ്ടുമുട്ടുകയും, അദ്ദേഹത്തിനൊപ്പം പോന്നുകൊള്ളാന്‍ പറയുകയുംചെയ്ത മട്ടിലായിരുന്നു അത്. ആ ക്ഷണം എനിക്കു നല്കാവുന്ന അംഗീകാരങ്ങളില്വെച്ച് എത്ര സംശയാസ്പദമാണ്! അതു ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ എന്റെ വിപണിമൂല്യം എത്രയാകുമായിരുന്നു? ഇല്ലില്ല, എന്റെ ജീവിതയാത്രയുടെ ഈ ഘട്ടത്തില്‍ ഞാന്‍ തൊഴിലില്ലാത്തവനല്ല.
ജ്ഞാനിയായ ഒരുവനെ പ്രലോഭിപ്പിക്കാന്‍ പോന്നതൊന്നും സമൂഹത്തിന്റെ പക്കലില്ല. ഒരു പര്‍വ്വതത്തിലൂടെ തുരങ്കം പണിയാന്‍ പോന്നത്ര പണം സ്വരൂപിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കും; പക്ഷെ, സ്വധര്‍മ്മം അനുഷ്ഠിക്കുന്ന ഒരുവനെ വാങ്ങാന്‍ തക്ക പണം കണ്ടെത്തുക നിങ്ങള്‍ക്ക് അസാദ്ധ്യമാണ്. സമൂഹം എന്തുകൊടുത്താലുമില്ലെങ്കിലും മൂല്യബോധവും കാര്യക്ഷമതയുമുള്ള ഒരാള്‍ അയാള്‍ക്കു ചെയ്യാന്‍ കഴിയുന്നതു ചെയ്തുകൊണ്ടിരിക്കും. അങ്ങനെയല്ലാത്തവരാകട്ടെ, ഉദ്യോഗത്തില്‍ കയറിപ്പറ്റാമെന്നു പ്രതീക്ഷിച്ചുകൊണ്ട് തങ്ങളുടെ കഴിവില്ലായ്മകളെ ഏറ്റവും വില തരുന്നവനായി കാഴ്ചവെക്കുന്നു. ഇത്തരക്കാര്‍ അപൂര്‍വ്വമായേ നിരാശരാക്കപ്പെടാറുള്ളൂ എന്നുവേണം കരുതാന്‍.
ഒരു പക്ഷെ, ഞാനെന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് സാധാരണയിലും കവിഞ്ഞ ജാഗ്രത ഉള്ളവനായിരിക്കാം. സമൂഹവുമായുള്ള എന്റെ ബന്ധം വളരെ നേര്‍ത്തതും താല്ക്കാലികവുമാണെന്നാണ് എനിക്കു തോന്നുന്നത്. എന്റെ ഉപജീവനത്തിന് ഉതകുന്നതും എന്റെ സമകാലികര്‍ക്കു ഒരു പരിധിവരെയെങ്കിലും എന്നെ പ്രയോജനമുള്ളവനാക്കുന്നതുമായ ജോലികള്‍ എനിക്കു വിനോദമാണ്. അപൂര്‍വ്വമായേ എനിക്കവ അനിവാര്യതയായി തോന്നാറുള്ളൂ. ഇങ്ങനെയെല്ലാം തുടരുന്നതില്‍ ഇതുവരേയ്ക്കും ഞാന്‍ വിജയിച്ചിരിക്കുന്നു. എന്നാല്‍, എന്റെ ആഗ്രഹങ്ങള്‍ വളരെ വര്‍ദ്ധിക്കുകയാണെങ്കില്‍ അവ നിറവേറ്റാനുള്ള എന്റെ അദ്ധ്വാനവും കടുത്തതാവുമെന്ന് ഞാന്‍ മുന്‍കൂട്ടി കാണുന്നുണ്ട്. മിക്കവരും ചെയ്യുന്നതുപോലെ എന്റെ പ്രഭാതങ്ങളും ഉച്ചനേരങ്ങളുമെല്ലാം ഞാന്‍ സമൂഹത്തിനു വില്ക്കണമെങ്കില്, തുടര്‍ന്നും ജീവിക്കാന്‍മാത്രം മൂല്യവത്തായി എന്റെ ജീവിതത്തില്‍ യാതൊന്നും അവശേഷിക്കില്ലെന്ന് എനിക്കുറപ്പാണ്. ഒരു പാത്രം കഞ്ഞിക്കായി എന്റെ ജന്മാവകാശം വില്‍ക്കരുതെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഒരു മനുഷ്യന് വളരെ കഠിനാദ്ധ്വാനി ആയിരിക്കാം; എങ്കിലും അയാള്‍ ജീവിതം നന്നായിട്ടാവില്ല ചെലവഴിക്കുന്നതെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ മിക്കവാറും സമയം ഉപജീവനത്തിനായി നീക്കിവെക്കുന്നവനേക്കാള് വലിയൊരു വിഡ്ഢിയില്ല. മഹത്തായ എല്ലാ പ്രസ്ഥാനങ്ങളും സ്വയം നിലനിൽപ്പുള്ളവയായിരിക്കും. ഉദാഹരണത്തിന്, ഒരു കവി തന്റെ ശരീരം നിലനിറുത്തേണ്ടത് കവിതയിലൂടെയാണ്. ഒരു തടിമില്ല് അതറക്കുന്ന തടിയുടെ അവശിഷ്ടംകൊണ്ട് പ്രവര്ത്തിക്കുന്നതുപോലെയാണത്. സ്നേഹിക്കുന്നതിലൂടെയാണ് നിങ്ങളുടെ ഉപജീവനം നടക്കേണ്ടത്. എന്നാൽ, ഇക്കാര്യത്തില്‍ കച്ചവടക്കാരുടെ കാര്യത്തിലെന്നപോലെ നൂറില്‍ തൊണ്ണൂറ്റിയേഴുപേരും പരാജയപ്പെടുന്നു. മേല്‍പ്പറഞ്ഞ മാനദണ്ഡംവെച്ചു പരിശോധിക്കുകയാണെങ്കില്‍ മിക്ക മനുഷ്യരുടേയും ജീവിതം പരാജയമാണ്; അത്തരക്കാരുടെ പാപ്പരത്തം മുന്‍കൂട്ടി പറയാവുന്നതുമാണ്.
കുറേ പാരമ്പര്യസ്സ്വത്തിന്റെ അവകാശിയാകാന്‍ മാത്രമായി ഈ ലോകത്തിലേക്കു വരുന്നത് വാസ്തവത്തില്‍ ജനിക്കലേയല്ല; ചാപിള്ളയാകലാണ്. നിങ്ങളുടെ ശരീരം നിലനിറുത്താനായി സുഹൃത്തുക്കളുടെ ഔദാര്യമോ സര്‍ക്കാരിന്റെ ധനസഹായമോ സ്വീകരിക്കുന്നത് അനാഥാലയത്തില്‍ ചേരലാണ്. അങ്ങനെ ചെയ്യുന്നവന് ഞായറാഴ്ചകളില്‍ പള്ളിയില്‍പ്പോയി തന്റെ കയ്യിലിരുപ്പിന്റെ കണക്കെടുക്കുമ്പോള്‍ തന്റെ നേട്ടങ്ങളിലും അധികമാണ് കോട്ടങ്ങളെന്നു കണ്ടെത്തുന്നു. കത്തോലിക്കാപള്ളിയിലാവട്ടെ ആളുകള്‍ വെടിപ്പായൊന്നു കുമ്പസാരിച്ചിട്ട് എല്ലാം പുതുതായി തുടങ്ങാമെന്ന് കരുതും. ആളുകള്‍ അങ്ങനെ സുഖമായി ചാരികിടന്ന് മനുഷ്യന്റെ ‘വീഴ്ച’യെക്കുറിച്ച് സംസാരിക്കുകയും ഒരിക്കല്‍പ്പോലും സ്വയം എഴുന്നേല്ക്കാന് ശ്രമിക്കാതിരിക്കുകയും ചെയ്യുന്നു.
സ്വന്തം ജീവിതത്തില്‍നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നതിന്റെ അടിസ്ഥാനത്തില്‍ രണ്ടു മനുഷ്യര്‍ തമ്മില്‍ സുപ്രധാനമായ ഒരു തരംതിരിവ് സാദ്ധ്യമാണ്. ഒരാള്‍, ക്ഷണത്തില്‍ കരസ്ഥമാക്കാവുന്ന ഒരു പ്രത്യേകനിലവാരത്തിലുള്ള വിജയത്തില്‍ സന്തുഷ്ടനാകുന്നവനാണ്. മറ്റേയാളാകട്ടെ, നിലവില്‍ അയാളുടെ ജീവിതം എത്രകണ്ട് താഴ്ന്നതും പരാജയപ്പെട്ടതുമാണെങ്കിലും തന്റെ ലക്ഷ്യത്തെ നിരന്തരം ചക്രവാളത്തിലേക്ക് ഉയര്ത്തുന്നവനായിരിക്കും. ഞാന്‍ എങ്ങനേയും രണ്ടാമത്തെ മനുഷ്യന്‍തന്നെയാണ് ആകേണ്ടത്.
മനുഷ്യന്റെ ഉപജീവനമാര്‍ഗ്ഗം വെറും സത്യസന്ധവും ബഹുമാന്യവുമാക്കുന്നതിലുപരി തികച്ചും ആസ്വാദ്യകരവും മഹത്തരവുമാക്കുന്നതിനെക്കുറിച്ച് കാര്യമായൊന്നും എഴുതപ്പെട്ടിട്ടില്ലെന്നതു ശ്രദ്ധേയമാണ്. ഒരാളുടെ ഉപജീവനം അത്തരത്തിലല്ലെങ്കില്‍ അയാളുടെ ജീവിതംതന്നെ അങ്ങനെയല്ലാതാകുന്നു. ഈ വിഷയം ഒരിക്കലും ഒരു ഏകാകിയുടെ ചിന്തകളെ അലട്ടിയിട്ടില്ലെന്ന് സാഹിത്യം പരിശോധിക്കുന്ന ഒരുവനു തോന്നിപ്പോകും. ഇക്കാര്യത്തില്‍ ആളുകളുടെ അനുഭവം അത്രയ്ക്ക് മടുപ്പിക്കുന്നതായതുകൊണ്ടാണോ ആരും അതിനെകുറിച്ചു മിണ്ടാത്തത്?! പണം നമ്മെ പഠിപ്പിക്കുന്നതും, പ്രപഞ്ചസൃഷ്ടാവ് നമ്മെ പഠിപ്പിക്കാന്‍ വളരെയധികം മിനക്കെട്ടിട്ടുള്ളതുമായ മൂല്യത്തെക്കുറിച്ചുള്ള അറിവ് മുഴുവനായിത്തന്നെ വിട്ടുകളയാനാണു നമ്മുടെ പ്രവണത. എല്ലാവിഭാഗത്തില്‍പ്പെട്ട മനുഷ്യരും, എന്തിനു പരിഷ്കര്‍ത്താക്കളായി അറിയപ്പെടുന്നവര്പ്പോലും, ഉപജീവനമാര്‍ഗ്ഗത്തെക്കുറിച്ച്, അതവര്‍ക്ക് പാരമ്പര്യമായുള്ളതോ അവര്‍ സമ്പാദിച്ചതോ മോഷ്ടിച്ചതോ ആകട്ടെ, എത്രമാത്രം അശ്രദ്ധയുള്ളവരാണെന്നത് അത്ഭുതകരമാണ്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാന്‍ സമൂഹം നമുക്കുവേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. തണുപ്പും വിശപ്പും ഒഴിവാക്കാനായി മനുഷ്യര്‍ സ്വീകരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന മാര്‍ഗ്ഗങ്ങളേക്കാള്‍ അവ രണ്ടുംതന്നെയാണ് എന്റെ പ്രകൃതത്തിന് ഇണങ്ങുക.
‘ജ്ഞാനി’ എന്ന പദം മിക്കപ്പോഴും തെറ്റായാണ് പ്രയോഗിക്കപ്പെടാറ്. ഒരുവനു മറ്റുള്ളവരേക്കാള്‍ ശരിയായരീതിയില്‍ ജീവിക്കാന്‍ അറിയില്ലെങ്കില്‍, ആകെക്കൂടെ അയാള്‍ കൂടുതല്‍ കൂര്‍മ്മബുദ്ധിയും കൗശലക്കാരനും മാത്രമാണെങ്കില്‍, അയാളെങ്ങനെയാണ് ജ്ഞാനിയാവുക? ജ്ഞാനം ഒരിക്കലുമവസാനിക്കാതെ ചുറ്റിത്തിരിയുന്ന ഒരു ജോലിയില്‍ ചെന്നുപ്പെടുമോ? അതോ അവള് സ്വന്തം ജീവിതത്തിലൂടെ ഇക്കാര്യത്തില്‍ എങ്ങനെ വിജയിക്കണമെന്നു പഠിപ്പിക്കുമോ? പ്രയോഗിക്കേണ്ടതില്ലാത്ത ജ്ഞാനം എന്നൊന്നുണ്ടോ? പ്ലേറ്റോ തന്റെ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയത് അദ്ദേഹത്തിന്റെ സമകാലികരേക്കാള്‍ മികച്ചരീതിയില്‍ ആയിരുന്നോയെന്ന് ചോദിക്കുന്നത് അങ്ങേയറ്റം പ്രസക്തമാണ്. അദ്ദേഹം മറ്റുള്ളവരെപ്പോലെ ജീവിതപ്രശ്നങ്ങളുടെ മുന്നില്‍ പരാജയപ്പെട്ടോ? അതോ അദ്ദേഹം ഇത്തരം കാര്യങ്ങളെയൊന്നും പരിഗണിക്കാതെയും മേനിനടിച്ചും കുറേപ്രശ്നങ്ങളെ മറികടന്നോ? അതുമല്ലെങ്കില്‍ പ്ലേറ്റോയുടെ അമ്മായി അവരുടെ വില്‍പ്പത്രത്തില്‍ അദ്ദേഹത്തെ ഓര്‍ത്തതുകൊണ്ട് അദ്ദേഹം സുഖമായി ജീവിച്ചോ?
മിക്ക ആളുകളും തങ്ങളുടെ ജീവിതമാര്‍ഗ്ഗം, അതായത് ജീവിതംതന്നെ കണ്ടെത്തുന്ന വഴികള്‍ തീര്‍ത്തും താല്ക്കാലികവും ജീവിതത്തിലെ യഥാര്‍ത്ഥ ഇടപാടുകളെ നിരസിക്കുന്നതുമാണ്. ഇങ്ങനെ സംഭവിക്കുന്നത് പ്രധാനമായും അവരുടെ അറിവില്ലായ്മകൊണ്ടും ഭാഗികമായി ഇതില്‍ കവിഞ്ഞൊന്നും അവര്‍ ഉദ്ദേശിക്കാത്തതുകൊണ്ടുമാണ്.
ഉദാഹരണത്തിന്, കാലിഫോര്‍ണിയയിലേക്കുള്ള കൂട്ടപാച്ചിലിന്റെ കാര്യംതന്നെ എടുക്കുക2. അതിനോടു കച്ചവടക്കാരുടെ മാത്രമല്ല, ദാര്ശനികരെന്നും പ്രവാചകരെന്നും വിളിക്കപ്പെടുന്നവരുടെയടക്കമുള്ള മനോഭാവം മനുഷ്യരാശിക്കുതന്നെ ഏറ്റവും വലിയ അപമാനമാണ്. സമൂഹത്തിലേക്കു യാതൊരു മൂല്യവും സംഭാവന ചെയ്യാതെ വെറും ഭാഗ്യത്തെമാത്രം ആശ്രയിച്ചു ജീവിക്കാന്‍ കുറേയാളുകൾ തയ്യാറാണെന്നതിനാല്‍, അവരേക്കാള്‍ ഭാഗ്യംകെട്ട വേറെ കുറേപ്പേരുടെ അദ്ധ്വാനത്തിനുമേല്‍ അവര്‍ക്ക് അധികാരം കിട്ടുന്നു. ഇതിനാണു നാം വ്യവസായം എന്നു പറയുന്നത്. മ്ലേച്ചമായ കച്ചവടത്തിന്റേയും മറ്റു ഉപജീവനമാര്ഗ്ഗങ്ങളുടേയും ഇതിലും ഞെട്ടിക്കുന്ന വളര്‍ച്ചയെക്കുറിച്ച് എനിക്ക് അറിയില്ല. ഇത്തരം മനുഷ്യരുടെ തത്ത്വശാസ്ത്രത്തിനും കവിതയ്ക്കും മതത്തിനും ഒരു കൃമിയുടെ ദേഹത്തെ പൊടിയുടെ വിലപോലുമില്ല. അവരെപ്പോലെ വേരുമാന്തിയും മണ്ണിളക്കിയും ജീവിക്കുന്ന പന്നിപോലും ഇത്തരക്കാരുമായുള്ള സഹവാസത്തില്‍ ലജ്ജിക്കും. എന്റെ വിരലൊന്ന് ഉയര്‍ത്തിയാല്‍ എനിക്കീ ലോകത്തെ സകലസമ്പത്തും കിട്ടുമെന്നാണെങ്കിലും അത്രയും ഊര്‍ജ്ജം ഞാന്‍ അതിനായി ചെലവഴിക്കില്ല. ദൈവം ഈ ലോകം സൃഷ്ടിച്ചിരിക്കുന്നത് വെറും തമാശയ്ക്കു വേണ്ടിയല്ലെന്ന് മുഹമ്മദിന്3 അറിയാമായിരുന്നു. എന്നാല്‍ ലോകം ദൈവത്തെ കാണുന്നത് മനുഷ്യരാശി കടിപിടികൂടുന്നതു കാണാനായി നാണയങ്ങള്‍ വിതറുന്ന ഒരു പണക്കാരന് മാന്യനായിട്ടാണ്! ഈ ലോകം ഒരു ചൂതുകളി സ്ഥലമാണെന്നോ! പ്രകൃതിയിലെ ഒരു ലോഹം ഭാഗ്യപരീക്ഷണങ്ങള്ക്കുള്ള വിഭവമാണെന്നോ! നാടുഭരിക്കുന്ന നമ്മുടെ സ്ഥാപനങ്ങളെക്കുറിച്ചുള്ള എത്രവലിയ പ്രസ്താവനയും ആക്ഷേപവുമാണിത്! ഇങ്ങനെ പോയാല്‍ മനുഷ്യരാശി അവസാനം ഒരു മരക്കമ്പില്‍ തൂങ്ങേണ്ടിവരും. സകലമാന ബൈബിളുകളിലേയും വചനങ്ങളെല്ലാം ചേര്‍ന്നു മനുഷ്യനെ പഠിപ്പിച്ചത് ഇതുമാത്രമാണോ?! മനുഷ്യരാശിയുടെ ഏറ്റവും ആരാദ്ധ്യവും ഒടുവിലത്തേതുമായ കണ്ടുപിടുത്തം കുറേക്കൂടി മെച്ചപ്പെടുത്തിയ പരദൂഷണമാണെന്നോ? ഇക്കാര്യത്തിലാണോ പൗരസ്ത്യരും പാശ്ചാത്യരും ഒരുമിക്കേണ്ടത്? നമ്മള് യാതൊന്നും സൃഷ്ടിച്ചിട്ടില്ലാത്ത ഈ ഭൂമി കുഴിച്ച് ഉപജീവനം കണ്ടെത്തണമെന്നാണോ ദൈവം നമ്മോട് കല്‍പ്പിച്ചിട്ടുള്ളത്? നമ്മളങ്ങനെ ചെയ്താല്‍ ദൈവം ഒരുവേള കുറച്ചു സ്വര്‍ണ്ണക്കട്ടകള്‍ പ്രതിഫലമായി തന്നേക്കുമെന്നാണോ?
സ്വര്‍ണ്ണത്തിന്റെ കുറവുകൊണ്ട് മനുഷ്യരാശി കഷ്ടപ്പെടുന്ന വിവരം എനിക്കറിയില്ലായിരുന്നു. സ്വര്‍ണ്ണം കുറച്ചൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അതു വളരെ വഴക്കമുള്ള ലോഹമാണെന്നും അറിയാം. എന്നാലത് അറിവിനോളം വഴക്കമുള്ളതല്ല. കുറച്ചു സ്വര്‍ണ്ണത്തരികള്‍ വിതറിയാല്‍ ഒരിടം ഭംഗിയായേക്കും; എന്നാലവിടം ജ്ഞാനത്തിന്റെ വിത്തുകള്‍ വീണിടത്തോളം സുന്ദരമാവില്ലതന്നെ.
കിഴുക്കാംതൂക്കായ മലനിരകളില്‍ സ്വര്‍ണ്ണത്തിനായി കുഴിക്കുന്നവന് സാന്‍ഫ്രാന്‍സിസ്ക്കോയിലെ ചൂതുകളിശാലകളിലെ അവന്റെ സഹോദരനില്‍നിന്ന് ഒട്ടും വ്യത്യസ്തനല്ല. ഒരുവന് ചെളിയിളക്കുന്നതും മറ്റവന് പകിടകുലുക്കുന്നതും തമ്മിലെന്താണ് വ്യത്യാസം? അതില്‍ ഒരുവൻ വിജയിക്കുമ്പോള്‍ പരാജയപ്പെടുന്നത് സമൂഹമാണ്. എന്തൊക്കെ നിയന്ത്രണങ്ങളും പരിഹാരക്രിയകളും ഉണ്ടായാലും സ്വര്‍ണ്ണം കുഴിച്ചുണ്ടാക്കുന്നവന് സത്യസന്ധമായി അദ്ധ്വാനിച്ചു ജീവിക്കുന്നവന്റെ ശത്രുവാണ്. നിങ്ങളുടെ സ്വര്‍ണ്ണം കണ്ടെത്താന്‍ നിങ്ങള്‍ കണ്ടമാനം അദ്ധ്വാനിച്ചിട്ടുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല; ചെകുത്താനും വളരെ അദ്ധ്വാനിക്കുന്ന കൂട്ടത്തിലാണ്. ഖനനപ്രദേശത്തേക്ക് പോകുന്ന നിഷ്പക്ഷനായ ഒരു നിരീക്ഷകന് അവിടം കണ്ടിട്ടു പറയും, സ്വര്‍ണ്ണഖനനം ഒരു ഭാഗ്യപരീക്ഷണം ആണെന്ന്; അങ്ങനെ കിട്ടുന്ന സ്വര്‍ണ്ണവും സത്യസന്ധമായ അദ്ധ്വാനത്തിലൂടെ ഉണ്ടാകുന്ന സമ്പത്തും ഒരുപോലെയല്ലെന്ന്. എങ്കിലും, പ്രായോഗികജീവിതത്തില്‍ അയാള്‍ താന്‍ കണ്ടത് മറക്കുന്നു. കാരണം, അയാളവിടെ കണ്ടത് ഒരു വസ്തുത മാത്രമാണ്; അവയ്ക്കു പിന്നിലെ തത്ത്വമല്ല. അങ്ങനെ അയാള്‍ അതേപ്രദേശത്ത് കച്ചവടം തുടങ്ങുന്നു. അതായത്, പൊതുവേ ഭാഗ്യപരീക്ഷണമായി തെളിയിക്കപ്പെട്ടിട്ടുള്ള മറ്റൊരു പരിപാടിയില്‍ ചേരുന്നു. ഇതിന്റെ നിജസ്ഥിതി ആദ്യത്തേതിലേതുപോലെ സുവ്യക്തമല്ലെന്നുമാത്രം.
ഒരു വൈകുന്നേരം ആസ്ത്രേലിയയിലെ സ്വര്ണ്ണഖനനത്തെക്കുറിച്ചുള്ള ഹൗവിത്തിന്റെ4 ലേഖനം വായിച്ചിട്ട് ആ രാത്രി മുഴുവന്‍ അവിടത്തെ ദൃശ്യങ്ങള്‍ എന്റെ മനക്കണ്ണില്‍ നിറഞ്ഞുനിന്നു. സര്‍വ്വത്ര നശിപ്പിക്കപ്പെട്ട അനേകം താഴ്വരകളും അരുവികളും. അവിടം മുഴുവന്‍ പത്തുമുതല്‍ നൂറടിവരെ ആഴത്തിലും ആറടിയോളം വീതിയിലും പരമാവധി അടുത്തടുത്ത് കുഴിച്ചിട്ടുള്ള അഴുക്കും വെള്ളവും നിറഞ്ഞ കുഴികള്‍. ഇവിടേക്കാണ് മനുഷ്യര്‍ ഭാഗ്യവും തിരഞ്ഞ് ഭ്രാന്തുപിടിച്ചു പായുന്നത്. കുഴിച്ചുതുടങ്ങേണ്ടത് എവിടെയാണെന്നു നിശ്ചയമില്ലാതെ, തങ്ങളുടെ കൂടാരത്തിനു ചുവട്ടില്‍ സ്വര്ണ്ണമുള്ളതറിയാതെ, സ്വര്‍ണ്ണം കിട്ടുന്നതിനുമുമ്പ് നൂറ്റിയറുപതടിവരെ കുഴിച്ചും, ചിലപ്പോള്‍ വെറും ഒരടിയുടെ വ്യത്യാസത്തില്‍ അതു നഷ്ടപ്പെട്ടും, പണത്തിനായുള്ള ആര്‍ത്തികൊണ്ടു കൂട്ടത്തിലുള്ളവരുടെപ്പോലും അവകാശങ്ങളെ മാനിക്കാത്ത, ചെകുത്താന്മാരായിത്തീര്ന്ന മനുഷ്യര്‍. മുപ്പതുമൈലുകളോളം തേനീച്ചക്കൂടുപോലെ ഖനിക്കുഴികള് നിറഞ്ഞ, നൂറുകണക്കിനാളുകള്‍ മുങ്ങിച്ചാകാന്‍ ഇടയായ പര്‍വ്വതനിരകള്‍. അവിടെ മണ്ണിലും ചെളിയിലും മുങ്ങി, രാപകല്‍ അദ്ധ്വാനിച്ചു, രോഗംപിടിച്ചു മരിക്കുന്ന മനുഷ്യര്‍.
ഞാനാ ലേഖനം വായിച്ചുകഴിഞ്ഞ് അതിനെയല്പ്പം വിസ്മരിച്ച്, മറ്റുള്ളവര്‍ ചെയ്യുന്നതുതന്നെ ചെയ്യുന്ന, സംതൃപ്തിയില്ലാത്ത, എന്റെ ജീവിതത്തെക്കുറിച്ചു ചിന്തിച്ചുപോയി. സ്വര്‍ണ്ണത്തിനായി കുഴിയെടുക്കുന്നവരെക്കുറിച്ചോര്ത്ത് ഞാന്‍ എന്നോടുതന്നെ ചോദിച്ചു: എനിക്കും എല്ലാദിവസവും കുറച്ചു സ്വര്‍ണ്ണം കഴുകിവൃത്തിയാക്കിയാല്‍ എന്താണ്? ഒരുവേള, അതേറ്റവും നേര്ത്തതരികള് ആണെങ്കില്‍പ്പോലും. എന്തുകൊണ്ടെനിക്ക് എന്റെയുള്ളിലെ സ്വര്‍ണ്ണഖനിയിലേക്ക് ഒരു വഴിവെട്ടുകയും അവിടെ പണിയെടുക്കുകയും ചെയ്തുകൂടാ? അവിടെ നിങ്ങള്‍ക്കായി ഒരു ബല്ലാര്ട്ടും, ബെന്റിഗോയുമുണ്ട്. അതിനി ഒരു സുള്ക്കി-ഗള്ളി5തന്നെ ആയാലെന്താണ് ? എത്രതന്നെ ഏകാന്തവും ഇടുങ്ങിയതും വളവുകളുള്ളതുമായാലും എനിക്കു സ്നേഹത്തോടും ആദരവോടും സഞ്ചരിക്കാനാകുന്ന വഴിയിലൂടെയാണു ഞാന്‍ മുന്നേറണ്ടത്. ഈയൊരു വികാരത്തോടെ എവിടെവെച്ച് ഒരു മനുഷ്യന് ആള്‍ക്കൂട്ടത്തില്‍നിന്നു വേര്‍പിരിഞ്ഞ് തന്റേതായ രീതിയില്‍ സഞ്ചരിച്ചുതുടങ്ങുന്നുവോ അവിടെ അയാളുടെ വഴിയില്‍ നിശ്ചയമായും രണ്ടുതിരിവുകള് കാണപ്പെടും. സാധാരണ യാത്രക്കാര്‍ക്ക് അതു വേലിയിലെ വെറുമൊരു വിടവായിട്ടാവും തോന്നുക. അയാളുടെ ഏകാന്തമായ യാത്രയാകട്ടെ അവിടെവെച്ച് ആ വഴികളില്‍ ഉന്നതമായതിലേക്ക് തിരിയും.
യഥാര്‍ത്ഥ സ്വര്‍ണ്ണം കാലിഫോര്‍ണിയയിലും ഓസ്ട്രേലിയയിലുമാണ് കണ്ടുകിട്ടുക എന്ന മട്ടില്‍ ആളുകള്‍ അവിടങ്ങളിലേക്കു പരക്കംപായുകയാണ്. സത്യത്തില്‍ അവര്‍ ആ സ്വര്ണ്ണമുള്ളതിന്റെ എതിര്‍ദിശയിലാണു പോകുന്നത്. വിജയം പ്രതീക്ഷിച്ച് അവര്‍ ശരിയായ ദിശയില്‍നിന്നു ദൂരേയ്ക്ക് ദൂരേയ്ക്ക് പോവുകയും, തങ്ങള്‍ വിജയിച്ചുവെന്നു കരുതുമ്പോള്‍ തീര്‍ത്തും ഭാഗ്യംകെട്ടവരാവുകയും ചെയ്യുന്നു.
നമ്മുടെ സ്വന്തം മണ്ണില്‍ സ്വര്ണ്ണമില്ലെന്നുണ്ടോ? സുവര്ണ്ണമലനിരകളില്നിന്നുള്ള ഒരരുവി നമ്മുടെ സ്വന്തം താഴ്വാരത്തിലൂടെ ഒഴുകുന്നില്ലേ? ആ അരുവി കല്പാന്തങ്ങളായി തിളക്കമുള്ളവയെ താഴേക്കുകൊണ്ടുവന്ന് സ്വര്‍ണ്ണക്കട്ടകള്‍ നമുക്കായി രൂപപ്പെടുത്തുന്നില്ലേ? എന്നിട്ടും, ഒരുവന് ആ യഥാര്‍ത്ഥ സ്വര്‍ണ്ണത്തിനായി നമുക്കു ചുറ്റുമുള്ള, തിരിച്ചറിയപ്പെടാത്ത, എകാന്തതയിലേക്കു പോകുകയാണെങ്കില്‍ അവനെ ആരെങ്കിലും പിന്തുടരുമെന്നോ, അവന്റെ സ്ഥാനം കൈയടക്കുമെന്നോ ഉള്ള യാതൊരു അപകടവുമില്ലെന്നതു വിചിത്രമായിരിക്കുന്നു. അയാള്‍ ആ താഴ്വാരം മുഴുവന്‍ തന്റെ താവളമാക്കി ജീവിതകാലം മുഴുവന്‍ സ്വസ്ഥമായി ചെലവഴിച്ചാലും അതിനുള്ള അയാളുടെ അവകാശത്തെ ആരും ചോദ്യം ചെയ്യുകയില്ല. ആളുകള്‍ അയാളുടെ സുരക്ഷയെക്കുറിച്ചോ യാതനകളെക്കുറിച്ചോ ഉല്ക്കണ്ഠപ്പെടുകയുമില്ല. ബല്ലാര്ട്ടിലേതുപോലെ പന്ത്രണ്ടടി സമചതുരത്തില്‍ അയാളുടെ അവകാശം ഒതുങ്ങുന്നില്ല; അയാള്‍ക്ക് എവിടവും തന്റെ ഗുഹയാക്കാം. തന്റെ സമര്‍പ്പണത്താല്‍ തന്നില്‍നിന്നും ഈ ലോകത്തെ മുഴുവന്‍ കഴുകിക്കളയാം.
ഓസ്ട്രേലിയയിലെ ബെന്‍ഡിഗോ ഖനിയില്‍നിന്ന് ഇരുപത്തെട്ടുപൗണ്ടുള്ള ഒരു സ്വര്‍ണ്ണക്കട്ടി കണ്ടെടുത്ത മനുഷ്യനെക്കുറിച്ചു ഹൗവിത്ത് പറയുന്നു: “അയാള്‍ ഉടനെ കുടി തുടങ്ങി; ഒരു കുതിരയെ സംഘടിപ്പിച്ച് എല്ലായിടത്തുകൂടിയും പരമാവധിവേഗത്തില്‍ പാച്ചിലും തുടങ്ങി. ആ പോക്കിനിടയില്‍ ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ അവരെ വിളിച്ചു താന്‍ ആരാണെന്ന് അറിയാമോയെന്നു ചോദിച്ചിട്ട്, ‘സ്വര്‍ണ്ണക്കട്ടി കണ്ടെത്തിയ ആ നശിച്ച അലവലാതി’ താനാണെന്ന് ഔദാര്യമട്ടില് പറയും. അവസാനം അയാള്‍ ഭയങ്കരവേഗത്തില് കുതിരയോടിച്ച് ഒരു മരത്തില്ച്ചെന്ന് ഇടിക്കുകയും, തലച്ചോറ് ഏതാണ്ട് പുറത്തെത്തിക്കുകയും ചെയ്തു”. ഇതത്ര വലിയ അപകടമൊന്നും അല്ലെന്നാണ് എന്റെ പക്ഷം; അയാള്‍ ആദ്യമേതന്നെ തന്റെ തല ആ സ്വര്‍ണ്ണക്കട്ടിയില്‍ തല്ലി തകര്‍ത്തതാണല്ലോ. ഹൗവിത്ത് തുടരുന്നു: “യാതൊരു പ്രതീക്ഷക്കും വകയില്ലാത്തവിധം ആ മനുഷ്യന് നശിച്ചിരിക്കുന്നു”. വാസ്തവത്തില്‍ അയാളൊരു പ്രത്യേകവിഭാഗത്തിന്റെ പ്രതിനിധിയാണ്. അത്തരക്കാരെല്ലാം വെകിളിപിടിച്ചവന്മാരാണ്. അവര്‍ ഖനനം ചെയ്യുന്ന ചില പ്രദേശങ്ങളുടെ പേരുകള്‍ നോക്കൂ: ‘കഴുതച്ചന്തി’, ‘ആടുതലക്കുഴി’, ‘കൊലയാളിയുടെ മദ്യശാല’… ഈ പേരുകള്‍ അപഹാസ്യമല്ലെന്നുണ്ടോ? അവര്‍ അവരുടെ ദുഷിച്ച സമ്പത്ത് അവർക്കിഷ്ടമുള്ളിടത്തു കൊണ്ടുപോയ്ക്കൊള്ളട്ടെ; അവമ്മാര് എവിടെയാണോ ഉള്ളത്, അവിടം ‘കൊലയാളിയുടെ മദ്യശാല’യല്ലെങ്കില്‍ ‘കഴുതച്ചന്തി” ആയിരിക്കുമെന്നാണ് എന്റെ അഭിപ്രായം.
നിങ്ങളുടെ അപ്പത്തിനുള്ള വെണ്ണ കിട്ടിയത് എങ്ങനെയാണെന്നു നിങ്ങള്‍ ചോദിക്കരുത്; അതറിഞ്ഞാല്‍ നിങ്ങള്‍ അസ്വസ്ഥനാകും. ഒരു മനുഷ്യന്റെ നിഷ്കളങ്കത അയാൾ ആഹാരം കണ്ടെത്തുന്ന മാര്‍ഗ്ഗത്തിലൂടെ നഷ്ടപ്പെടുന്നതിലും ഭേദം അയാൾ പട്ടിണികിടക്കുന്നതാണ്. പരിഷ്കൃതനായ ഒരുവന്റെയുള്ളില്‍ പരിഷ്കാരമൊന്നുമില്ലാത്ത ഒരുവനില്ലെങ്കില് അവന് ചെകുത്താന്റെ മാലാഖയാണ്. വയസ്സാകുന്തോറും നമ്മള് കൂടുതല്‍ പരുക്കന്മാരായാണ് ജീവിക്കുക. നമ്മുടെ ചിട്ടകളില്‍ നാം ഉദാസീനരാകും; നമ്മളിലെ ഏറ്റവും ഉദാത്തമായ വാസനകളെ നാം അനുസരിക്കാതാകും. വാസ്തവത്തില്‍ നമ്മളപ്പോള്‍ ചെയ്യേണ്ടത്, നമ്മേക്കാള്‍ നിര്ഭാഗ്യവാന്മാരായവരുടെ കുറ്റപ്പെടുത്തലുകളെയൊന്നും കാര്യമാക്കാതെ നമ്മുടെ മനഃശക്തിയുടെ പരമാവധി ശ്രദ്ധയുള്ളവരാവുകയാണ്.
ശരിക്കും സ്വതന്ത്രനായ, വിശാലമനസ്സുള്ള, ബുദ്ധിജീവിയെന്ന് ഉറപ്പിച്ചു കരുതാവുന്ന കഷ്ടി ഒരാളെപ്പോലും എനിക്കറിയില്ല. മിക്ക ആളുകളോടും ഗൗരവമായി സംസാരിക്കാന്‍ നിങ്ങള്‍ മിനക്കെട്ടാല്‍ അവര്‍ക്കു നിക്ഷേപമുള്ള ഏതെങ്കിലും സ്ഥാപനത്തിനു നേര്ക്കുനേര്നില്ക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. അതായതു, കാര്യങ്ങളെ സാര്വ്വത്രികമായിട്ടല്ലാതെ ഒരു പ്രത്യേകതരത്തില്‍ മാത്രം കാണുന്നരീതിയെ നിങ്ങള്‍ അഭിമുഖീകരിക്കും. അവര്‍ നിങ്ങള്‍ക്കും ആകാശത്തിനും ഇടയില്‍ അവരുടെ പൊക്കം കുറഞ്ഞ, അധികം വെളിച്ചം കടക്കാത്ത മേല്‍ക്കൂര ശക്തിയോടെ നിരന്തരം എടുത്തിടും. നിങ്ങള്‍ സ്വര്ഗ്ഗങ്ങള്തന്നെ തടസ്സമൊന്നുമില്ലാതെ കാണുമ്പോഴാകും അവരിതു ചെയ്യുന്നത്. അവരോടു അവരുടെ ചിലന്തിവലകളുമായി ദൂരെപ്പോകാനും, ആദ്യം സ്വന്തം ജനാല വൃത്തിയായി കഴുകാനുമാണു ഞാന്‍ പറയുക.
ചില പ്രസംഗവേദികളുടെ സംഘാടകര്‍ പ്രസംഗവിഷയങ്ങളില്നിന്നു മതത്തെ ഒഴിവാക്കാനായി വോട്ടു ചെയ്തുവെന്ന് എന്നോടു പറയാറുണ്ട്6 . പക്ഷെ, ഞാന്‍ എങ്ങനെയാണ് അവര്‍ ഉദ്ദേശിക്കുന്ന മതം എന്താണെന്നും അതിനോട് എനിക്ക് അടുപ്പമാണോ അല്ലയോ എന്നുമറിയുക? ഇക്കൂട്ടരുടെ വേദിയിലേക്കു ഞാന്‍ ഒരിക്കല്‍ കയറിച്ചെല്ലുകയും കഴിവിന്റെ പരമാവധി ഉപയോഗിച്ച് എന്റെ അനുഭവത്തില്‍ മതം എന്താണെന്നു പങ്കുവെക്കുകയും ചെയ്തു. എങ്കിലും ശ്രോതാക്കള്‍ക്ക് ഞാന്‍ പറയുന്നത് എന്തിനെക്കുറിച്ചാണെന്ന് ഒരൂഹവും കിട്ടിയില്ല. എന്റെയാ പ്രസംഗം അവര്‍ക്കു ചന്ദ്രികയോളംതന്നെ അല്ലലുണ്ടാക്കാത്തതായിരുന്നു. അതിനുപകരം ചരിത്രത്തിലെ ഏറ്റവും വലിയ തെമ്മാടികളുടെ ജീവചരിത്രമാണു ഞാനവിടെ വായിച്ചിരുന്നതെങ്കില്‍, അവരുടെ സഭാമേധാവികളുടെ ജീവിതകഥ ഞാന്‍ എഴുതിയതാണെന്ന് അവര്‍ കരുതിയേനെ. സാധാരണഗതിയില്‍ അവരുടെ അന്വേഷണങ്ങള്‍ ഇങ്ങനെയെല്ലാമാണ്: ‘നിങ്ങള്‍ എവിടെനിന്നു വരുന്നു?’, ‘എങ്ങോട്ട് പോകുന്നു?’ എന്റെ ഒരു ശ്രോതാവ് മറ്റൊരാളോട് ചോദിച്ച കൂടുതല്‍ ശ്രദ്ധേയമായ ചോദ്യം, ‘ഇയാള്‍ എന്തിനാണു പ്രസംഗിക്കുന്നത്?’ എന്നതായിരുന്നു. ആ ചോദ്യം എന്റെ മുട്ടുകളെ വിറകൊള്ളിച്ചു.
നിഷ്പക്ഷമായി പറഞ്ഞാല്‍, എനിക്കറിയാവുന്ന ഏറ്റവും മികച്ച ആളുകള്‍പോലും ഉള്ളില്‍ സ്വസ്ഥതയുള്ളവരല്ല. അവര്‍ മിക്കപ്പോഴും പുറംപൂച്ചുകളില്‍ അഭിരമിച്ചും അവയെ പുകഴ്ത്തിയും ബാക്കിയുള്ളവരേക്കാള്‍ ഭേദമായി മാത്രം കാര്യങ്ങളെപ്പറ്റി പഠിക്കുന്നു. നമ്മള് നമ്മുടെ വീടുകളും കളപ്പുരകളും ഉറപ്പിക്കാന്‍ പാറകള്‍ തിരഞ്ഞെടുക്കാറുണ്ട്; കല്ലുകൊണ്ടു വേലികളും പണിയാറുണ്ട്. പക്ഷെ, അടിത്തട്ടിലുള്ളതും പ്രാചീനവുമായ സത്യത്തിന്റെ പാറയില്‍ നാം സ്വയം പ്രതിഷ്ഠിക്കാറില്ല. നമ്മുടെ അടിത്തറ തകര്‍ന്നിരിക്കുന്നു. സ്വന്തം മനനത്താല്‍ ഏറ്റവും തരളവും പരിശുദ്ധവുമായ സത്യത്തോടു ചേര്‍ന്നുനില്‍ക്കാത്ത മനുഷ്യന് എന്തു സാധനംകൊണ്ടാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്? എന്റെ ഏറ്റവും മികച്ച ബന്ധങ്ങളെ പലപ്പോഴും അതിന്റെ കടുത്ത ഉപരിപ്ലവതയ്ക്കു ഞാന്‍ കുററപ്പെടുത്താറുണ്ട്. എന്തിനെന്നാല്‍, ഒരുപോലെയല്ലാത്ത സ്വഭാവരീതികളും ഗുണങ്ങളും നമുക്കുണ്ടെങ്കിലും, മൃഗങ്ങള്‍ പഠിപ്പിക്കുന്ന സത്യസന്ധതയുടേയും ആത്മാര്‍ത്ഥതയുടേയും പാഠങ്ങള്‍, പാറകള്‍ പഠിപ്പിക്കുന്ന ഉറപ്പിന്റേയും അചഞ്ചലതയുടേയും അറിവുകള്‍ നമ്മള് പരസ്പരം പഠിപ്പിക്കാത്തതിന്. സാധാരണ ഈ പിശക് ഇരുകൂട്ടരിലുമുണ്ടാകും. കാരണം, ഒരു ശീലമെന്നോണം ഇതില്‍ കൂടുതലൊന്നും നമ്മള് പരസ്പരം ആവശ്യപ്പെടുന്നില്ല.
നമ്മുടെ സംഭാഷണങ്ങള്‍ പലപ്പോഴും പൊള്ളയും പ്രയോജനരഹിതവുമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പുറംതോടു മറ്റൊന്നുമായി സന്ധിക്കുന്നു. നമ്മുടെ ജീവിതം അന്തര്‍മുഖവും ഏകാന്തവും അല്ലാതാകുമ്പോള്‍ സംഭാഷണം വെറും പരദൂഷണമായി അധഃപതിക്കുന്നു. പത്രത്തില്‍നിന്നു വായിച്ചറിഞ്ഞതോ അയല്ക്കാരന് പറഞ്ഞുകേട്ടതോ അല്ലാത്ത എന്തെങ്കിലും വിവരം അറിയാവുന്ന ഒരുത്തനെ നമ്മള് അപൂര്‍വ്വമായാണു കണ്ടുമുട്ടുക. മിക്കപ്പോഴും നമ്മളും നമ്മുടെ സുഹൃത്തുമായി ആകെയുള്ള വ്യത്യാസം അയാള്‍ പത്രം കണ്ടെന്നതോ, ചായ കുടിക്കാന്‍ പുറത്തുപോയെന്നതോ ആയിരിക്കും. നമ്മുടെ ആന്തരികജീവിതം പരാജയപ്പെടുന്നതിനനുസരിച്ച് നമ്മള് കടുത്ത ആകാംക്ഷയോടെ നിരന്തരം തപാലാപ്പീസില്‍ പോകുന്നു. ഏറ്റവുമധികം കത്തുകളുമായി തന്റെ വിശാലമായ സുഹൃദ്വലയത്തെക്കുറിച്ച് അഭിമാനിച്ചുകൊണ്ട് നടന്നകലുന്ന പാവം മനുഷ്യന് ഇന്നേവരേയ്ക്കും തന്റെയുള്ളില്നിന്നു ശ്രവിച്ചിട്ടുണ്ടാവില്ലെന്നു ഉറപ്പാണ്.
ആഴ്ചയിലൊരു പത്രം വായിക്കുന്നതുതന്നെ കുറേ അധികമാണ്. ഞാനിത് ഈയിടെ പരീക്ഷിച്ചുനോക്കി. പത്രം വായിച്ചുകഴിഞ്ഞു കുറേനേരത്തേക്കു ഞാനെന്റെ സ്വന്തം ഇടത്തിലായിരുന്നില്ല എന്നാണ് എനിക്കു തോന്നിയത്. അതുപോലെയൊന്നും സൂര്യനും മേഘങ്ങളും മഞ്ഞും മരങ്ങളും എന്നോടു സംസാരിക്കാറില്ല. ഒരാള്‍ക്കു രണ്ടു യജമാനന്മാരെ സേവിക്കുക സാധ്യമല്ല. ഒരു ദിവസത്തിന്റെ മഹത്ത്വം തിരിച്ചറിയാനും അതു സ്വന്തമാക്കാനും ഒരു ദിവസത്തേക്കാള്‍ നീണ്ട സമര്‍പ്പണം ആവശ്യമുണ്ട്.
നമ്മള് ഒരു ദിവസം വായിച്ചതും കേട്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു പറയാന്‍ നമുക്കു വാസ്തവത്തില്‍ ലജ്ജ തോന്നേണ്ടതാണ്. നമ്മള് കേള്‍ക്കുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും നമ്മുടെ പ്രതിഭയ്ക്കുതകുന്നവയല്ല; അങ്ങേയറ്റം ചീഞ്ഞുനാറുന്ന ആവര്‍ത്തനം മാത്രമാണ്. ഒരാള്‍ക്കുണ്ടായ ഒരു പ്രത്യേക അനുഭവത്തിന് ഇത്രമാത്രം പ്രാധാന്യം കൊടുക്കുന്നതെന്തിനാണെന്ന് ചോദിക്കാന്‍ നമുക്ക് പലപ്പോഴും തോന്നിപ്പോകും. ഉദാഹരണത്തിന്, ഒരാള്‍ സര്‍ക്കാര്‍ രജിസ്ട്രാറാറായ ഹോബ്ബിന്സിനെ ഇരുപത്തഞ്ചുവര്ഷങ്ങള്ക്കുശേഷം വീണ്ടും തെരുവില്‍വച്ചു കണ്ടുമുട്ടിയത്രേ! ഇതു പറയുന്നയാള്‍ തന്റെ ഇരുപത്തഞ്ചുവര്‍ഷം മുമ്പത്തെ നിലവാരത്തില്‍നിന്നും ഒരിഞ്ചു മുമ്പോട്ടുപോയിട്ടില്ലെന്നോ! ഈ വിധമാണു ദൈനംദിനവാര്ത്തകള്! അതിലെ വസ്തുതകള്‍ അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുന്നതായി തോന്നും. അത്തരം വാര്‍ത്തകള്‍ പൂപ്പലിന്റെ പൊടിപോലെ അപ്രസക്തവും മനുഷ്യമനസ്സിനുമേല് വളരുന്ന ഇത്തിക്കണ്ണികളുമാണ്. അവയെ നാം നമ്മില്‍നിന്നു കഴുകിക്കളയണം. നമ്മുടെ ഈ ഗ്രഹം ഉടനെ പൊട്ടിത്തെറിക്കാന്‍ പോവുകയാണെന്നിരിക്കട്ടെ; അതിലൊരു മൗലികതയുമില്ലെങ്കില് പിന്നെന്തു കാര്യം? നമുക്കു നല്ല ആരോഗ്യമുള്ളപ്പോള്‍ ഇത്തരം സംഭവങ്ങളില്‍ ഒരുവിധ ജിജ്ഞാസയും ഉണ്ടാകില്ല. അലസമായ തമാശകള്ക്കായല്ല നാം ജീവിക്കുന്നത്. ലോകം പൊട്ടിത്തെറിക്കുന്നത് നന്നായി കാണാന്‍വേണ്ടി ഞാനൊരിക്കലും തെരുവിനുചുറ്റും ഓടിനടക്കില്ല.
വേനല്‍ക്കാലം മുഴുവനും ഒരുവേള ശിശിരവും, പത്രവാര്‍ത്തകൾ നിങ്ങളറിയാതെ കടന്നുപോയെന്നിരിക്കട്ടെ. അപ്പോഴാകും നിങ്ങള്‍ക്കു മനസ്സിലാവുക നിങ്ങളുടെ പ്രഭാതങ്ങളും സന്ധ്യകളുമെല്ലാം വിശേഷങ്ങളാല്‍ നിറഞ്ഞവയായിരുന്നുവെന്ന്; നിങ്ങളുടെ കാല്നടയാത്രകളിലൊക്കെ ഒരുപാടു സംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്ന്. ആ സമയത്തു നിങ്ങള്‍ യുറോപ്പിലെ വിശേഷങ്ങളല്ല, മസ്സാച്ചുസെറ്റ്സ് പ്രദേശത്തെ കാര്യങ്ങളാവും ശ്രദ്ധിച്ചിട്ടുണ്ടാവുക. പത്രവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്ന ആ നേരിയതലത്തിലാണ്, പത്രക്കടലാസിനേക്കാള് നേരിയത്, നിങ്ങള്‍ക്കു ജീവിക്കാനും മുന്നോട്ടുപോകാനും അവസരം കിട്ടുന്നതെങ്കില്‍ നിങ്ങളുടെ ലോകം മുഴുവനും അത്തരം കാര്യങ്ങളാല്‍ നിറയും. എന്നാല്‍ നിങ്ങള്‍ ആ തലത്തിനു മുകളിലേക്ക് ഉയരുകയോ ആഴങ്ങളിലേക്കു പോവുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് അത്തരം വാര്‍ത്തകള്‍ ഓര്‍ക്കാനോ മറ്റാര്‍ക്കെങ്കിലും അവയെക്കുറിച്ചു നിങ്ങളെ ഓര്‍മ്മിപ്പിക്കാനോ കഴിയില്ല. എല്ലാദിവസവും സൂര്യോദയവും അസ്തമയവും കാണുവാനും അങ്ങനെ പ്രപഞ്ചസത്തയുമായി താദാത്മ്യപ്പെടാനുമായാല് അതു നമ്മെ എക്കാലവും മനഃസന്തുഷ്ടിയുള്ളവരായി സൂക്ഷിക്കും.
പവിത്രമായിരിക്കേണ്ട എന്റെ മനസ്സിലേക്ക് ഏറ്റവും അപ്രസക്തവും നിര്‍ജ്ജീവവുമായ സംഭവങ്ങളേയും പരദൂഷണങ്ങളേയും കടത്തിവിടുന്നതിന് എത്രയടുത്തുവരെ ഞാന്‍ എത്തിയിരുന്നുവെന്ന് ചെറിയ ഞെട്ടലോടെയല്ലാതെ എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയില്ല. ഇത്തരം ചവറുകളാല്‍ മനസ്സുനിറയ്ക്കാന്‍ ആളുകള്‍ എത്രമാത്രം ഉത്സുകരാണെന്നു കണ്ടു ഞാന്‍ ആശ്ചര്യപ്പെടാറുണ്ട്. മനസ്സ്, തെരുവുസംഭവങ്ങളും തീന്മേശയിലെ പരദൂഷണങ്ങളും പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യപ്പെടുന്ന പൊതുസ്ഥലമാവുകയാണോ വേണ്ടത്? അതോ, അതു സ്വര്‍ഗ്ഗത്തിന്റെ ഭാഗമോ, ദൈവങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു ദേവാലയംതന്നെയോ ആകണോ? സകലവിധയാത്രകളും അതിന്റെയൊക്കെ തിക്കുംതിരക്കും അസഭ്യവര്‍ഷവും ചേര്‍ന്ന തെരുവ് ധ്യാനത്തിനായുള്ള നമ്മുടെ ദേവാലയത്തിലൂടെ കടന്നുപോകുക! ഇത് ധൈഷണികവും സാന്മാര്ഗികവുമായ ആത്മഹത്യ അല്ലെന്നുണ്ടോ?
ഇത്തരം കാര്യങ്ങളെ എല്ലാവിധ മുന്നറിയിപ്പുകളാലും സൂത്രപ്പണികളാലും ദൈവികനിയമത്തിന്റെ പരമാവധിശിക്ഷയാല് ഭീഷണിപ്പെടുത്തിയും നിങ്ങളുടെ പവിത്രമായ ഒരേയൊരു ഇടത്തില്‍നിന്ന് ഒഴിവാക്കേണ്ടതുണ്ട്. ഓര്‍ക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ലാത്ത കാര്യങ്ങള്‍ മറക്കുവാന്‍ ഏറ്റവും പ്രയാസമാണ്. ഞാനൊരു പൊതുവഴിയാവാനാണെങ്കില് അതു മലഞ്ചോലകളുടേയോ പാര്നേസ്സിയന് അരുവികളുടേയോ തീരത്താകുന്നതാണ് എനിക്കിഷ്ടം; പട്ടണത്തിലെ ഓവുചാലുകള്‍ക്ക് ഒപ്പമാകാനല്ല. ഒരുവശത്ത് ശ്രദ്ധാലുവായ മനസ്സിനു ശ്രവിക്കാനാകുന്ന സ്വര്‍ഗ്ഗത്തില്‍നിന്നുള്ള പ്രചോദിപ്പിക്കുന്ന സംഭാഷണങ്ങളാണെങ്കില്‍, മറുവശത്ത് മദ്യശാലകളിലേയും കോടതികളിലേയും അവിശുദ്ധവും ജീര്‍ണ്ണിച്ചതുമായ വെളിപ്പെടുത്തലുകളാണ്. ഇവ രണ്ടും സ്വീകരിക്കാനുള്ളത് ഒരേ ചെവിയാണ്. ഇതില്‍ ഏതിനെ തള്ളണം ഏതിനെ കൊള്ളണം എന്നു തീരുമാനിക്കുന്നത് കേള്‍ക്കുന്നവന്റെ സ്വഭാവമാണ്. അപ്രസക്തമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ശീലത്താല്‍ മനസ്സു പൂര്‍ണ്ണമായും നശിക്കുമെന്നാണ് എന്റെ വിശ്വാസം. ആ സ്വഭാവം നമ്മുടെ ചിന്തകളിലെല്ലാം അല്‍പ്പത്തം ചാലിക്കും.
അത്തരത്തില്‍ നിന്ദ്യമായി നമ്മള് നമ്മോടുതന്നെ പെരുമാറിയിട്ടുണ്ടെങ്കില്‍ – അങ്ങനെ ചെയ്യാത്തവരായി ആരുണ്ട്? – ശ്രദ്ധയാലും സമര്‍പ്പണത്താലും നമ്മെ വീണ്ടും ഒരു ദേവാലയമാക്കലാണ് പരിഹാരം. നാം നമ്മുടെ മനസ്സുകളെ, അതായത് നമ്മെത്തന്നെ, നിഷ്കളങ്കരായ കുട്ടികളായും നമ്മള് അവരുടെ രക്ഷാകര്‍ത്താക്കളാണെന്ന മട്ടിലും വേണം കൈകാര്യം ചെയ്യുവാന്‍. അവരുടെ ശ്രദ്ധയെ ഏതൊക്കെ വിഷയങ്ങളിലേക്കും വസ്തുക്കളിലേക്കുമാണു നയിക്കുന്നതെന്ന കാര്യത്തില്‍ നമുക്കു കരുതലുണ്ടാകണം. അറിയേണ്ടതു സമയത്തെയല്ല, നിത്യതയെയാണ്. പഴകിയ മാമൂലുകള്‍ മറ്റു വൃത്തികേടുകളുടെയത്രതന്നെ നികൃഷ്ടമാണ്. ശാസ്ത്രത്തിലെ വസ്തുതകള്‍പോലും അതിന്റെ ഉണക്കുസ്വഭാവംകൊണ്ട് നമ്മുടെ മനസ്സിനെ പൊടിപിടിപ്പിക്കും. അതല്ലെങ്കില്‍, അവ എല്ലാ ദിവസവും പുലര്‍ച്ചെ തുടച്ചുമാറ്റപ്പെടുകയോ, പുതുതും ജീവിക്കുന്നതുമായ സത്യത്തിന്റെ മഞ്ഞുതുള്ളികളാല്‍ സമൃദ്ധമാക്കപ്പെടുകയോ വേണം. അറിവു നമ്മളിലേക്കു വരുന്നത് പലതരം വിശദാംശങ്ങളായിട്ടല്ല; സ്വര്‍ഗ്ഗത്തില്‍നിന്നുള്ള വെളിച്ചത്തിന്റെ ഇടിമിന്നലുകളായാണ്.
അമേരിക്ക, സ്വാതന്ത്ര്യത്തിനായുള്ള യുദ്ധം നടക്കാന്‍പോകുന്ന ഇടമായാണ് പറയപ്പെടുന്നത്7 . തീര്‍ച്ചയായും വെറും രാഷ്ട്രീയാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം ആയിരിക്കില്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അമേരിക്കകാരന് ചൂഷകനായ ഒരു ഭരണാധികാരിയില്‍നിന്ന് അവനെത്തന്നെ സ്വതന്ത്രനാക്കിയെന്നു നമ്മള് സമ്മതിച്ചാലും, അവന് സാമ്പത്തികമോ ധാര്‍മ്മികമോ ആയ ശീലങ്ങളുടെ അടിമയായി തുടരുകയാണ്. അതായത് ഇപ്പോള്‍ നാം പൊതുനന്മയുടെ, രാഷ്ട്രത്തിന്റെ കാര്യം ശരിപ്പെടുത്തിയിരിക്കുന്നു; ഇനി നാം വ്യക്തിക്ക്, സ്വകാര്യരാഷ്ട്രത്തിന്, യാതൊരു അധഃപതനവും വരാതെ ശ്രദ്ധിക്കേണ്ട സമയമാണ്.
നമ്മള് ഈ നാടിനെ സ്വതന്ത്രദേശമെന്നു വിളിക്കുമോ? നമ്മള് ജോര്‍ജ് രാജാവിന്റെ കീഴില്‍നിന്നും സ്വതന്ത്രരായിട്ടും കുറേ മുന്‍വിധികളുടെ അടിമകളായി തുടരുകയാണെങ്കില്‍ ആ സ്വാതന്ത്ര്യത്തിന് എന്തര്‍ത്ഥമാണുള്ളത്? സ്വതന്ത്രനായി ജനിച്ചിട്ട് സ്വതന്ത്രനായി ജീവിക്കുന്നില്ലെങ്കില്‍ പിന്നെന്തു കാര്യം? ധാര്‍മ്മികമായ സ്വാതന്ത്ര്യത്തിലേക്കുള്ള മാര്ഗ്ഗമായിട്ടല്ലാതെ രാഷ്ട്രീയസ്വാതന്ത്ര്യത്തിന് എന്തു മൂല്യമാണുള്ളത്? അടിമകളായിരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണോ സ്വതന്ത്രരായിരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണോ നമ്മള് മേനിനടിക്കുന്നത്? സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ഉപരിപ്ലവമായ തലങ്ങളെക്കുറിച്ചുമാത്രം കരുതലുള്ള രാഷ്ട്രീയക്കാരുടെ രാജ്യമാണ് നമ്മുടേത്. ഇങ്ങനെയാണെങ്കില്‍ സ്വതന്ത്രരാകാന്‍ എന്തെങ്കിലും സാധ്യതയുള്ളവര്‍ നമ്മുടെ മക്കളുടെ മക്കളായിരിക്കും. നാം നമുക്കു ചുമത്തുന്ന നികുതികള്‍ അന്യായമാണ്. നമ്മുടെ യഥാര്‍ത്ഥസത്ത ഇവിടെ പ്രതിനിധീകരിക്കപ്പെടുന്നില്ല. ഇത് പ്രാതിനിധ്യമില്ലാത്ത നികുതിപിരിവാണ്. നമ്മള് സൈന്യങ്ങളേയും വിഡ്ഢികളേയും സകലമാന കന്നുകാലികളേയും ചുമക്കുകയാണ്. നമ്മള് നമ്മുടെ പെരുത്തസ്ഥാപനങ്ങളെ നമ്മുടെ പാവം ഹൃദയങ്ങള്‍ക്കുമേല്‍ കെട്ടിവെക്കുന്നു; ആദ്യത്തേത് രണ്ടാമത്തേതിന്റെ കാമ്പുമുഴുവന് തിന്നുതീര്‍ക്കും വരെ.
മനുഷ്യത്വവുമായും അതിന്റെ യഥാര്ത്ഥസംസ്കാരവുമായും താരതമ്യം ചെയ്താല്‍ നമ്മള് ഒട്ടും പാകമാകാത്തവരാണ്; വെറും ദരിദ്രവാസികള്‍. കാരണം, നാം നമ്മുടെ മാനദണ്ഡങ്ങള്‍ കണ്ടെത്തുന്നതു് ഹൃദയത്തില്‍നിന്നല്ല. നമ്മള് സത്യത്തെയല്ല, അതിന്റെ നിഴലുകളെയാണ് ആരാധിക്കുന്നത്. കച്ചവടം, വ്യവസായം, നിര്‍മ്മാണം, കൃഷി തുടങ്ങിയവയ്ക്കായി നാം പൂര്‍ണ്ണമായും സമര്പ്പിക്കയാല് നമുക്ക് അത്രമാത്രം വക്രതയും സങ്കുചിതത്ത്വവും സംഭവിച്ചിരിക്കുന്നു. ഇപ്പറഞ്ഞവയൊക്കെ വെറും മാര്ഗ്ഗങ്ങളത്രെ; ലക്ഷ്യം അല്ലതന്നെ.
സര്‍ക്കാരും നിയമനിര്‍മ്മാണവും; ഇവ രണ്ടും ആദരണീയമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ, അടിമകളെവളര്ത്തുന്നതിനും പുകയില കയറ്റുമതി ചെയ്യുന്നതിനുമായി നിയമങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ! ദിവ്യന്മാരായ നിയമനിര്‍മ്മാതാക്കള്‍ക്ക് പുകയിലയുടെ കയറ്റുമതിയും ഇറക്കുമതിയുമായിട്ടെന്താണ് ബന്ധം? മനുഷ്യത്വവും അടിമവളര്ത്തലും തമ്മിലെന്തു ബന്ധം? ഈ ചോദ്യം നിങ്ങള്‍ ഏതെങ്കിലും ദൈവപുത്രനു സമര്പ്പിക്കുകയാണെന്നുവെയ്ക്കുക – പത്തൊമ്പതാം നൂറ്റാണ്ടിലെന്താ ദൈവത്തിനു കുട്ടികള്‍ ഇല്ലെന്നുണ്ടോ? അതോ വംശനാശം സംഭവിച്ച ഒരു കുടുംബമാണോ അത്? – നിങ്ങള്‍ക്ക് എന്തു മറുപടിയാണ് കിട്ടുക? മേല്‍പ്പറഞ്ഞമട്ടില്‍ അടിസ്ഥാനനിലപാടുകളും ഉല്‍പ്പന്നങ്ങളുമുള്ള വിര്‍ജിനിയ സംസ്ഥാനം അതിന്റെ അന്ത്യനാളില്‍ അതിനെക്കുറിച്ച് എന്തുപറയും? അത്തരമൊരു രാജ്യത്ത് ദേശഭക്തിക്ക് എന്തര്‍ത്ഥമാണുള്ളത്?
കശുവണ്ടിക്കും ഉണക്കമുന്തിരിങ്ങക്കുമായി സകലകടലും പിടിച്ചടക്കുകയും അതിനായി സ്വന്തം നാവികരെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയും ചെയ്യുന്ന കച്ചവടം! ഒരിക്കല്‍ ഞാന്‍, കുറേപ്പേരുടെ മരണത്തിനിടയാക്കി തകര്‍ന്നുകിടക്കുന്ന ഒരു കപ്പല്‍ കണ്ടു. അതിലെ ചരക്കുകളായിരുന്ന ബെറികളുടേയും കയ്പ്പന് ആല്മണ്ടിന്റേയും കഷ്ണങ്ങള്‍ തീരത്തെമ്പാടും ചിതറികിടന്നിരുന്നു. മദ്യമുണ്ടാക്കാനുള്ള ആ ബെറികള്ക്കും ആല്മണ്ടിനുമായി കടലിലെ അപകടങ്ങള്‍ നേരിടുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്കു തോന്നിയില്ല. എന്നിട്ടും അത്തരമൊന്നാണു വലിയൊരളവോളം നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന വ്യാപാരം! മദ്യക്കുപ്പിക്കു ചുറ്റും ഈച്ചകള്‍ കാട്ടിക്കൂട്ടുന്നതുപോലുള്ള ഇത്തരം ഇടപാടുകളേയും അദ്ധ്വാനത്തേയും ആശ്രയിച്ചാണു പുരോഗതിയും നാഗരികതയും നിലനില്ക്കുന്നതെന്നു കരുതാന്‍മാത്രം അന്ധരും, അതേസമയം തത്ത്വജ്ഞാനികളും രാഷ്ട്രതന്ത്രജ്ഞരുമായി നടിക്കുന്നവരുമായ ആളുകള്‍ ഇവിടെയുണ്ട്.
അടിമസമ്പ്രദായത്തിന്റെ വ്യാപ്തി വര്ദ്ധിപ്പിക്കാനെന്നു പറഞ്ഞ് നമ്മുടെ സര്‍ക്കാര്‍ ആമസോണ്‍ പര്യവേക്ഷണത്തിന് അയച്ച ലെഫ്ടനന്റ് ഹേണ്ഡണ് “അവിടെ സംരഭകത്വവും ചടുലതയും തങ്ങളുടെ രാജ്യത്തിലെ സമൃദ്ധമായ പ്രകൃതിവിഭവങ്ങള്‍ കണ്ടെത്തുവാന്മാത്രം കൃത്രിമമായ ആവശ്യങ്ങളുമുള്ള” ഒരു ജനതയുണ്ടെന്നു നിരീക്ഷിച്ചു. എങ്കിലും, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതായ ഈ കൃത്രിമ ആവശ്യങ്ങള്‍ എന്തൊക്കെയാണ്? അതു പുകയിലയും അടിമകളുംപോലുള്ള ആഢംബരങ്ങളില്‍ ആ നാവികന്റെ നാടായ വിര്ജിനിയക്കുള്ള ഭ്രമമല്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു, പുതിയ ഇംഗ്ലണ്ടിലെ വജ്രവും ഗ്രാനൈറ്റുംപോലുള്ള ഭൗതികസമ്പത്തുകളോ, അതിനെല്ലാം കാരണമായ “രാജ്യത്തെ സമൃദ്ധമായ പ്രകൃതിവിഭവങ്ങളോ”, അതുള്ള മണ്ണിന്റെ ഊഷരതയോ ഊര്വരതയോ അല്ല. ഞാന്‍ പോകുവാന്‍ ഇടയായിട്ടുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്കെല്ലാം ഏറ്റവും അത്യാവശ്യമായിട്ടുള്ളത് ഉന്നതവും ആത്മാര്‍ത്ഥവുമായ ജീവിതോദ്ദേശമായിരുന്നു. അതുമാത്രമാണ് (മനുഷ്യ)പ്രകൃതിയിലെ മഹത്തായവിഭവങ്ങളെ പുറത്തുകൊണ്ടുവരുന്നതും, അവസാനം, പ്രകൃതിയുടെ പരിധിക്കുമപ്പുറം അവളില്‍നിന്ന് എടുക്കയാല്‍ മനുഷ്യനു അവളില്‍നിന്നു മോക്ഷം നല്‍കുന്നതും. നമ്മള് ഉരുളക്കിഴങ്ങിനേക്കാള്‍ സംസ്കാരത്തിനുവേണ്ടിയും, മധുരമുള്ള പ്ലമ്മിനേക്കാള് അറിവിനുവേണ്ടിയും ആഗ്രഹിക്കുമ്പോഴാണ് ലോകത്തിലെ മഹത്തായവിഭവങ്ങള് വെളിപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുക. അതിന്റെ ഫലം അഥവാ അനിവാര്യമായ ഉല്‍പ്പന്നം അടിമകളോ തൊഴിലാളികളോ അല്ല; മനുഷ്യരാണ്. നായകരെന്നും ഋഷിമാരെന്നും കവികളെന്നും തത്ത്വജ്ഞാനികളെന്നും രക്ഷകരെന്നും വിളിക്കപ്പെടുന്ന അപൂര്വ്വഫലങ്ങളാണ്.
ചുരുക്കിപ്പറഞ്ഞാല്‍, കാറ്റ് ഇല്ലാത്തപ്പോള്‍ മഞ്ഞു കൂനകൂടുന്നതുപോലെ, ഒരിടത്തു സത്യത്തിന്റെ അഭാവമുള്ളപ്പോള്‍ അവിടെയൊരു സ്ഥാപനം പൊട്ടിമുളക്കുന്നു. എന്നാൽ, എത്രയൊക്കെയായാലും സത്യം കൃത്യമായി അതിനുമുകളില്‍ വീശുകയും അതിനെ മറിച്ചിടുകയും ചെയ്യും.
രാഷ്ട്രീയമെന്നു വിളിക്കപ്പെടുന്ന മേഖല താരതമ്യേന ഉപരിപ്ലവവും മനുഷ്യത്വരഹിതവും ആയതിനാല്‍ എന്നെ സംബന്ധിച്ച് അതിനെന്തെങ്കിലും പ്രാധാന്യമുള്ളതായി ഞാനൊരിക്കലും അംഗീകരിച്ചിട്ടില്ല. പത്രങ്ങള്‍ അവരുടെ കുറച്ചു കോളങ്ങള്‍ കാശൊന്നും ഈടാക്കാതെ രാഷ്ട്രീയത്തിനും സര്‍ക്കാരിനും മാത്രമായി സൂക്ഷിക്കുന്നുവെന്നു ഞാന്‍ കാണുന്നു. പത്രങ്ങളെ നിലനിറുത്തുന്നത് അതാണെന്നും ഒരാള്‍ പറഞ്ഞേക്കും. എന്നാൽ, ഞാന്‍ സാഹിത്യത്തേയും ഒരു പരിധിവരെയെങ്കിലും സത്യത്തേയും സ്നേഹിക്കുന്നതിനാല്‍ ഒരുകാലത്തും ഒരുതരത്തിലും ഞാനീ കോളങ്ങള്‍ വായിക്കാറില്ല. ഞാനെന്റെ നീതിബോധത്തെ കണ്ടമാനം മന്ദിപ്പിക്കാന് ആഗ്രഹിക്കുന്നില്ല. പ്രസിഡന്റിന്റെ ഒരൊറ്റ സന്ദേശംപോലും വായിക്കാത്തതിനെക്കുറിച്ച് എനിക്കൊരുത്തനോടും ഉത്തരം പറയേണ്ടതില്ല.
ഇതൊരു വിചിത്രമായ കാലഘട്ടംതന്നെ! സാമ്രാജ്യങ്ങളും രാജഭരണപ്രദേശങ്ങളും റിപ്പബ്ലിക്കുകളുമെല്ലാം ഒരു സ്വകാര്യവ്യക്തിയുടെ വാതിൽക്കല്വന്ന് ഇരക്കുകയും പരാതിപറയുകയും ചെയ്യുക! എനിക്കൊരൊറ്റ പത്രംപോലും കൈകൊണ്ടുതൊടാന്‍ നിവർത്തിയില്ല. ഞാനതില്‍ കാണുന്നത്, അവശതപിടിച്ച് തള്ളലേറ്റു മറിഞ്ഞുവീഴാറായ ഒരു സര്‍ക്കാര്‍ അല്ലെങ്കില്‍ മറ്റൊന്ന്, എന്നോട് – വായനക്കാരനോട്, അതിനു വോട്ടുചെയ്യാന്‍ ഒരു ഇറ്റാലിയന്‍ പിച്ചക്കാരനേക്കാള്8 ദയനീയമായി യാചിക്കുന്നതാണ് . വാസ്തവത്തില്‍ വാര്ത്താപത്രങ്ങളാണ് ഭരിച്ചുകൊണ്ടിരിക്കുന്ന ശക്തി. ബാക്കിയെല്ലാം സ്വാതന്ത്ര്യക്കോട്ടയിലെ ചില പോരാളികള്മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഒരു മനുഷ്യന് പത്രം വായിക്കുന്നത് ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ അവന്റെ മുമ്പിൽ മുട്ടുകുത്തും. കാരണം, ഇക്കാലത്തു ജനവഞ്ചനക്കുള്ള ഒരേയൊരുപാധി പത്രങ്ങളാണ്.
രാഷ്ട്രീയവും ദിനചര്യയുംപോലുള്ള, ആളുകളുടെ ശ്രദ്ധ ഏറ്റവുമധികം പിടിച്ചുപറ്റുന്ന കാര്യങ്ങള്‍ മനുഷ്യസമൂഹത്തിലെ പ്രധാനപ്പെട്ട വ്യവഹാരങ്ങളാണെങ്കിലും നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനംപോലെ അബോധമായി നടക്കേണ്ടവയാണ്. അത്തരം കാര്യങ്ങളിലേക്കു ഞാന്‍ ചിലപ്പോഴൊക്കെ ഉണരാറുണ്ട്; അസ്വസ്ഥമായ അവസ്ഥയില്‍ ഒരു മനുഷ്യന് സ്വന്തം ദഹനപ്രക്രിയയെക്കുറിച്ചു ബോധവാനാകുന്നതുപോലെ. രാഷ്ട്രീയം സമൂഹത്തിന്റെ ഭീമന്കുടലാണ്. ആ കുടലിന്റെ രണ്ടുപകുതികളാണു രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികള്‍. ചിലപ്പോളവ നാലായിപിരിയുകയും പരസ്പരം ഞെരുക്കുകയും ചെയ്യുന്നു. വ്യക്തികള്‍ക്കു മാത്രമല്ല രാജ്യങ്ങള്‍ക്കും സ്ഥിരമായ ദഹനക്കേടുകളുണ്ട്; പലവിധ ഗീര്‍വാണങ്ങളിലൂടെ അതു സ്വയം വെളിപ്പെടുത്തുന്നു.
എങ്കിലും, നമ്മളെന്തിനാണ് നമുക്കെപ്പോഴും ദഹനക്കേടാണെന്നമട്ടില് നമ്മുടെ ദുഃസ്വപ്നങ്ങള്‍ പങ്കുവെക്കാന്‍ മാത്രമായി ഒത്തുചേരുന്നതു്?! നമുക്കെന്തുകൊണ്ട് ചിലപ്പോഴൊക്കെ നമ്മുടെ ആരോഗ്യമുള്ള ദഹനത്തേയും, എത്രയും മഹത്തായ പ്രഭാതത്തേയുംക്കുറിച്ച് പരസ്പരം അഭിനന്ദിക്കുവാൻവേണ്ടി ഒത്തുചേര്ന്നുകൂടാ? തീര്‍ച്ചയായും, അതിരുകടന്ന ഒരു ആവശ്യമല്ല ഞാന്‍ ഉന്നയിക്കുന്നത്…
- ജൂതരുടെ പ്രാര്‍ത്ഥനാദിനമാണ് സാബത്ത്. ആ ദിവസം ഒരുതരത്തിലുമുള്ള അദ്ധ്വാനങ്ങളിൽ ഏര്പ്പെടരുതെന്നാണു മതനിയമം.
↩︎ - 1848 കാലയളവിൽ കാലിഫോര്‍ണിയയില്‍ തുടങ്ങിയ സ്വര്ണ്ണഖനനത്തെയാണ് പരാമര്‍ശിക്കുന്നത്.
↩︎ - മുഹമ്മദു് നബി
↩︎ - ആല്‍ഫ്രെഡ് ഡബ്ലിയു ഹൌവിത്ത് – നരവംശശാസ്ത്രജ്ഞന്, പര്യവേക്ഷകന് (ഓസ്ട്രേലിയ)
↩︎ - ഇവ ഓസ്ട്രേലിയയിലെ സ്വര്‍ണ്ണഖനികളുടെ പേരുകളാണ്.
↩︎ - തോറോയുടെ കാലത്തു പലയിടങ്ങളിലും സ്ഥിരമായ പ്രസംഗവേദികള്‍ ഉണ്ടായിരുന്നു. അവിടങ്ങളില്‍ ആരൊക്കെ സംസാരിക്കണമെന്നും വിഷയങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നും വോട്ടിനിട്ടാണു തീരുമാനിച്ചിരുന്നത്.
↩︎ - അടിമത്തം നിരോധിക്കണോ വേണ്ടയോ എന്നതിനെച്ചൊല്ലി അമേരിക്കയിലെ രണ്ടു പ്രബലവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തേയും തുടര്‍ന്നുണ്ടായ ആഭ്യന്തരയുദ്ധത്തേയുമാണ് പരാമര്‍ശിക്കുന്നത്.
↩︎ - ഇറ്റലിയിലെ ദാരിദ്ര്യംകൊണ്ട് അവിടെനിന്നും ധാരാളം ആളുകള്‍ അമേരിക്കയിലേക്ക് കുടിയേറുമായിരുന്നു. അത്തരം കുടിയേറ്റക്കാരില്‍ പലരും ഇറ്റലിയിലുണ്ടായ ഏതെങ്കിലും പ്രകൃതിദുരന്തത്തിന്റെ പേരുപറഞ്ഞു യാചിച്ചാണ് ജീവിതംകഴിച്ചിരുന്നത്.
↩︎