Image Courtesy: https://www.childhoodbynature.com/
(ഹെൻറി ഡേവിഡ് തോറോയുടെ Maine Woods എന്ന കൃതിയിൽനിന്നും തെരഞെടുത്ത ഭാഗങളുടെ പരിഭാഷ. സുഹൃത്തു ഗീതിപ്രിയയുമായി ചേർന്നാണു ഈ വിവർത്തനം ചെയ്തിട്ടുള്ളത്)
ഈ പൈന്മരങ്ങള് എന്നെന്നും പച്ചപ്പാര്‍ന്ന അവയുടെ കരങ്ങൾ എങ്ങനെയാണു വെളിച്ചത്തിലേക്കുയര്ത്തി ജീവിക്കുകയും വളരുകയും ചെയ്യുന്നതെന്നു കാണാനായ്, അവയുടെ പരിപൂര്‍ണ്ണവിജയം കാണാനായ്, എത്ര കുറച്ചുപ്പേരാണ് ഈ കാടുകളിലേയ്ക്ക് വരാറുള്ളതെന്നത് വിചിത്രമായൊരു സംഗതിയാണ്. മിക്ക ആളുകള്‍ക്കും ഈ മരങ്ങളെ വിപണിയിലെ വീതിയുള്ള പലകകളായി കാണുന്നതാണ് തൃപ്തി. അങ്ങനെ ആയിത്തീരുന്നതാണ് അവയുടെ യഥാര്ത്ഥവിജയമെന്നും അവര്‍ കരുതുന്നു. വാസ്തവത്തില്‍, മനുഷ്യരേക്കാള്‍ മികച്ച പലകകളല്ല പൈന്മരങ്ങള്. മരങ്ങളുടെ യഥാര്‍ത്ഥവും ഉന്നതവുമായ പ്രയോജനം പലകകളും വീടുകളുമാവുകയാണെന്നത്, മനുഷ്യനെ വെട്ടിവളമാക്കലാണ് അവനെക്കൊണ്ടുള്ള ഏറ്റവും നല്ല പ്രയോജനം എന്നതിനേക്കാള്‍ സത്യമല്ല. യഥാര്‍ഥത്തില്‍, മരങ്ങളോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധത്തെ നിര്‍ണ്ണയിക്കുന്ന കൂടുതല്‍ ഉന്നതമായ ഒരു നിയമമുണ്ട്.
ഒരു മരിച്ച മനുഷ്യന് മനുഷ്യനായിരിക്കുന്നതില്‍ കൂടുതലൊന്നും വെട്ടിമുറിക്കപ്പെട്ട, ജീവനില്ലാത്ത ഒരു മരം, മരമായിരിക്കുന്നില്ല. തിമിംഗലയെല്ലിന്റേയും എണ്ണയുടേയും ചില പ്രയോജനങ്ങള്‍ കണ്ടുപിടിച്ചയാള്‍ തിമിംഗലത്തിന്റെ യഥാര്‍ത്ഥ മൂല്യം കണ്ടെത്തിയെന്ന് പറയാനാകുമോ? ആനകളെ അവയുടെ കൊമ്പിനായി കശാപ്പുച്ചെയ്യുന്നവന് ആനയെ ശരിക്കും കണ്ടിട്ടുണ്ടെന്നു കരുതാനാകുമോ? കൂടുതല്‍ കരുത്തരായ ഒരു വംശം, നമ്മുടെ എല്ലുകള്‍കൊണ്ട് ബട്ടന്‍സും ഓടക്കുഴലും ഉണ്ടാക്കാന്‍ നമ്മെ കൊലചെയ്യുന്നതുപോലെ അധഃപതിച്ചതും ആകസ്മികവുമായ ചില ഉപയോഗങ്ങളാണവ. ഇങ്ങനെ എല്ലാത്തിനും ഉയര്‍ന്നതും താഴ്ന്നതുമായ ഉപയോഗങ്ങളുണ്ട്. എല്ലാ ജീവജാലങ്ങളും മരിക്കുന്നതിനേക്കാള്‍ നല്ലത് ജീവിച്ചിരിക്കുന്നതാണ്; മനുഷ്യരും മാനുകളും പൈന്മരങ്ങളുമെല്ലാം. ഇതു വേണ്ടവിധം മനസ്സിലാക്കുന്ന ഒരാള്‍ അവയുടെ ജീവന് നശിപ്പിക്കുകയല്ല, സംരക്ഷിക്കുകയാണ് ചെയ്യുക.
മരം വെട്ടുകാരനല്ലെന്നുണ്ടെങ്കില് പിന്നെ ആരാണ് ഈ പൈന്‍മരങ്ങളോട് ഏറ്റവും ചേര്‍ന്നുനിൽക്കുന്ന, അവയെ ഏറ്റവും നന്നായി മനസ്സിലാക്കുന്ന, സുഹൃത്തും കാമുകനും? ആ മരങ്ങളുടെ തൊലി ഉരിയുന്നയാളാണോ, അതോ മരയെണ്ണയുണ്ടാക്കാൻവേണ്ടി അവയെ പെട്ടികളിലാക്കുന്ന ആളാണോ?
അല്ലല്ല… അതു കവിയാണ്. അദ്ദേഹമാണ് പൈന്മരങ്ങളെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്നത്. അവയെ കോടാലികൊണ്ട് തലോടുകയോ, അറക്കവാളുകൊണ്ട് ഇക്കിളിപ്പെടുത്തുകയോ, ഉളികൊണ്ട് ഓമനിക്കുകയോ ചെയ്യാത്ത, അതിനെ മുറിപ്പെടുത്താതെതന്നെ അതിന്റെ ഹൃദയം അറിയാന്‍ കഴിയുന്ന ആളാണ് അദ്ദേഹം. അയാള്‍ പട്ടണത്തിന്റെ അധികപ്രസംഗം ചുമക്കുന്നവനല്ല. ആ മനുഷ്യന് കാട്ടിലേക്കു പ്രവേശിക്കുമ്പോള്‍, പൈന്‍മരങ്ങളെല്ലാം കോള്‍മയിര്‍കൊള്ളുകയും ദീര്‍ഘമായി നിശ്വസിക്കുകയും ചെയ്യുന്നു. അതെ, അതു കവിതന്നെയാണ്. അയാളാണു തന്റെ നിഴലിനെയെന്നപ്പോലെ മരങ്ങളെ സ്നേഹിക്കുകയും അവയെ വളരാന്‍ അനുവദിക്കുകയും ചെയ്യുന്നത്.
ഞാന്‍ മരമില്ലുകളിലും ആശാരിയുടെ പണിസ്ഥലത്തും മരത്തോലുണക്കുന്നിടത്തും മഷിയും മരയെണ്ണയും ഉണ്ടാക്കുന്നിടത്തുമെല്ലാം പോയിട്ടുണ്ട്. എന്നാല്‍ കാറ്റത്തുലഞ്ഞാടി, വെളിച്ചം ചിന്നിച്ചിതറിച്ച്, അകലെ കാടിനുമീതെ ഉയര്ന്നുനില്ക്കുന്ന പൈന്‍മരത്തലപ്പുകളെ നോക്കിനിന്നപ്പോള്‍, മുമ്പു കണ്ടതൊന്നുമല്ല അവയുടെ ഉന്നതമായ ഉപയോഗമെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അവയുടെ മരക്കമ്പുകളേയോ തൊലിയേയോ എണ്ണയേയോ അല്ല ഞാന്‍ ഏറ്റവുമധികം സ്നേഹിക്കുന്നത്. എന്റെ മുറിവുകളുണക്കുന്ന, മരത്തിന്റെ ജീവിക്കുന്ന ആത്മാവിനോടാണ് എനിക്കു താദാത്മ്യം. എന്റെയത്രയുംതന്നെ നിത്യമാണതും. ഒരുവേള അതു സ്വര്ഗ്ഗത്തോളംതന്നെ വളര്‍ന്ന് അവിടെയും എനിക്കുമേലെ ഉയര്ന്നുനിന്നേക്കാം.
പരിഷ്കൃതമനുഷ്യന് ഭൂമിയുടെ വലിയൊരു ഭാഗം എന്നത്തേക്കുമായി വെളുപ്പിക്കുകയും തുറസ്സായസ്ഥലങ്ങളില്‍ കൃഷിയിറക്കുകയും മാത്രമല്ല, ഒരു പരിധിവരെ കാടിനെത്തന്നെ ഇണക്കി അവിടെയും കൃഷിചെയ്യുന്നുണ്ട്. അവന്റെ സാമിപ്യംകൊണ്ട് മറ്റൊരു ജീവിയും ചെയ്യാത്തതുപോലെ അവന് കാടിന്റെ പ്രകൃതം മാറ്റിമറിക്കുന്നു. മരങ്ങള്‍ നിന്നിടത്തേക്ക് വെയിലും കാറ്റും ചിലപ്പോള്‍ തീയും കൊണ്ടുവന്ന് അവന് ധാന്യം വളര്‍ത്തുന്നു. അങ്ങനെ കാടിന് അതിന്റെ നനവാര്‍ന്ന, വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ വന്യരൂപം നഷ്ടമായിരിക്കുന്നു. നിലത്തു വീണഴുകുന്ന എണ്ണമറ്റ മരങ്ങളും ഇല്ലാതായിരിക്കുന്നു. അവയ്ക്കൊപ്പം, അവയുടെമേല്‍ ജീവിച്ചിരുന്ന പച്ചപ്പായലിന്റെ കട്ടിയുള്ള കുപ്പായവും പോയി. അവിടത്തെ മണ്ണ് ഇപ്പോള്‍ താരതമ്യേന തരിശും മിനുസമുള്ളതും വരണ്ടതുമാണ്.
മെയിനിലെ ഈ കാടും താമസിയാതെ മസാച്ചുസെറ്റ്സുപോലെ ആയേക്കും. മെയിനിലെ നല്ലൊരുഭാഗം ഇപ്പോള്‍ത്തന്നെ നമ്മുടെ അയൽപക്കത്തെപ്പോലെ തരിശുഭൂമിയും പൊതുസ്ഥലവുമായിക്കഴിഞ്ഞു. മനുഷ്യര്‍ക്കു ജീവിക്കാന്‍ അനുയോജ്യമാകുന്നതിനു മുമ്പ് ഭൂമി മുഴുവനും ഒരു മേച്ചില്പ്പുറമാവുകയെന്ന അഗ്നിപരീക്ഷയിലൂടെ കടന്നുപോകണമെന്ന് നമ്മള് കരുതുന്നതായി തോന്നുന്നു.
മരപ്പൊടിക്കായി, അതായത് ഇന്ധനമാക്കാനായി, വില്ലോമരനിരകളും വലുപ്പമുള്ള സകല ഓക്കുമരങ്ങളും പൈനുകളും മാത്രമല്ല മറ്റെല്ലാ കാട്ടുമരങ്ങളും ചെറിയൊരു കാലയളവിനുള്ളിലാണ് മുറിക്കപ്പെട്ടിരിക്കുന്നത്! ഓരോ ഊഹക്കച്ചവടക്കാരനും ആകാശത്തുനിന്ന് മേഘങ്ങളേയും നക്ഷത്രങ്ങളേയും വരെ കയറ്റുമതിചെയ്യാന്‍ അനുവാദം കിട്ടുന്നമട്ടിലാണ് കാര്യങ്ങൾ. അങ്ങനെ, ഭക്ഷണത്തിനായി ഭൂമിയുടെ അകക്കാമ്പുവരെ ചവയ്ക്കുന്നവരായി നാം അധഃപതിച്ചേക്കും.
ഇതിലും ദരിദ്രമായ കളികളിലേക്കു മനുഷ്യര്‍ ചുരുങ്ങുന്നുണ്ട്. ആളുകള്‍ ഹക്കിള്ബെറിയെന്ന കാടന്ച്ചെടികളെ വളരെ ചെറുതായി മുറിക്കാനും അവയെ ഇന്ധനമാക്കി മാറ്റാനും പറ്റുന്ന ഒരു യന്ത്രം കണ്ടെത്തിയിരിക്കുന്നുവെന്ന് ഈയടുത്തു ഞാന്‍ കേട്ടു. ഈ നാട്ടില്‍ കൃഷിചെയ്യുന്ന മുഴുവന്‍ പെയര്മരങ്ങളേക്കാള് എത്രയോ അധികം പഴങ്ങള്‍ തരുന്ന ചെടികളാണവ! ഇങ്ങനെ പോയാല്‍, ഭൂമിയുടെ നഗ്നത മറയ്ക്കാനും അതിനൊരു വന്യത തോന്നിക്കാനുമായി നമ്മളെല്ലാവരും താടി നീട്ടിവളര്‍ത്താന്‍ നിര്‍ബന്ധിതരായേക്കും. കര്ഷകന് അവന്റെ സ്ഥലം വൃത്തിയാക്കുന്നതിനെകുറിച്ചു ചിലപ്പോള്‍ പറയാറുണ്ട്. ഭൂമി അതിന്റെ സ്വാഭാവികമായ പച്ചപുതപ്പണിയുന്നതിനേക്കാള് വെറും തരിശായി കിടക്കുന്നതാണു ഭേദമെന്ന മട്ടിലും, കാട്ടുവേലികള് – ഒരുവേള അയാളുടെ കുട്ടികള്‍ക്ക് അയാളുടെ തോട്ടത്തേക്കാള്‍ പ്രിയപ്പെട്ട വേലികള്‍ – വെറും വൃത്തികേടാണെന്നമട്ടിലുമാണ് ഈ പറച്ചില്. ‘വൃക്ഷവിദ്വേഷി’യെന്ന് വിളിക്കപ്പെടാന്‍ യോഗ്യനായ ഒരുവനെ എനിക്കറിയാം. അയാള്‍ ആ പേര് പുതിയ കുടുംബപ്പേരായി തന്റെ കുട്ടികള്‍ക്കു നല്‍കിയേക്കാനും ഇടയുണ്ട്. അയാളുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നുക, മരംവീണു കൊല്ലപ്പെടുമെന്ന് അരുളപ്പാടുണ്ടായതിനാല് അതു മുന്‍കൂട്ടി തടയാന്‍ അയാള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നാണ്.
കാര്‍ഷികമേഖലയിലുണ്ടാകുന്ന ഇത്തരം ‘പുരോഗതി’കളെക്കുറിച്ച് എത്രപറഞ്ഞാലും അധികമല്ലെന്നാണ് പത്രപ്രവര്‍ത്തകരുടെ വിചാരം. അവര്‍ക്കിത് ‘ധാര്‍മ്മികത’പോലെ വളരെ സുരക്ഷിതമായൊരു വിഷയമാണ്. ഇങ്ങനെയുള്ളൊരു മാതൃകാതോട്ടത്തിന്റെ സൗന്ദര്യത്തെക്കുറിച്ചാണെങ്കില്, ഒരാള്‍ വെണ്ണകടയുന്നതു നോക്കിനിൽക്കുന്നതാണ് അതിലും ഭേദം. അത്തരം സ്ഥലങ്ങള്‍ ആളുകള്‍ പണം ഉണ്ടാക്കുന്ന ഇടങ്ങള്‍ മാത്രമാണ്; വെറും അനുകരണങ്ങള്‍. ഒരു പുല്‍നാമ്പ് വളരുന്നിടത്ത് രണ്ടെണ്ണം വളര്‍ത്തുന്നത് വലിയ അമാനുഷികതയൊന്നുമല്ല.
ധാരാളം മരങ്ങളും തുറസ്സായ ഇടങ്ങളും അവയുടെ ഒത്തനടുക്ക് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പഴയ ചതുപ്പുകളുമുള്ള നമ്മുടെ ഗ്രാമപ്രദേശങ്ങള്‍ വാസ്തവത്തില്‍ എത്ര മനോഹരമായ പൂങ്കാവനങ്ങളും വള്ളിക്കുടിലുകളും നടപ്പാതകളുമൊക്കെയാണ്. ഇവയുടെയെല്ലാം അനന്തരഫലമാണ് ഒരു ജനതയെന്ന നിലയ്ക്കു നമുക്കിന്നുള്ള സംസ്കാരവും കലകളും. ഓരോ ഗ്രാമത്തിനും പൊതുവായുള്ളതും സ്വര്‍ഗ്ഗീയവുമായ ഇത്തരം ഇടങ്ങളുമായി താരതമ്യം ചെയ്താല്‍, പദ്ധതിയിട്ട് പണം ചെലവഴിച്ചു വളരെ കാര്യമായി ഉണ്ടാക്കിയിട്ടുള്ള ഉദ്യാനങ്ങള്‍ പരമദയനീയമായ അനുകരണങ്ങള്‍ മാത്രമാണ്. ഒരു പക്ഷെ, നമ്മുടെ സ്ഥലങ്ങള്‍ ഇരുപതുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഇങ്ങനെയായിരുന്നു എന്നായിരിക്കാം ഞാനിപ്പോൾ പറയേണ്ടത്.
ഇംഗ്ലണ്ടിലെ രാജാക്കന്മാര് ഒരു കാലത്ത് അവരുടെ വനങ്ങളെ രാജാവിന്റെ കേളികള്‍ക്കുള്ള, വിനോദത്തിനും ഭക്ഷണത്തിനുമുള്ള, സ്ഥലങ്ങളായിട്ടാണു വിനിയോഗിച്ചിരുന്നത്. അത്തരം ഇടങ്ങള്‍ ഉണ്ടാക്കുന്നതിനോ വിപുലപ്പെടുത്തുന്നതിനോ വേണ്ടി അവര്‍ ചിലപ്പോള്‍ ഗ്രാമങ്ങളെപ്പോലും നശിപ്പിച്ചിരുന്നു. അതിനുള്ള സ്വതഃസിദ്ധമായ ഒരു വാസന അവര്‍ക്കുണ്ടായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. രാജവാഴ്ച വേണ്ടെന്നുവെച്ച നമുക്കെന്തുകൊണ്ട് കാടുകളെ സംരക്ഷിതപ്രദേശങ്ങളാക്കികൂടാ? ഗ്രാമങ്ങളൊന്നും നശിക്കേണ്ടതില്ലാതെ, കരടിക്കും കരിമ്പുലിക്കും, എന്തിന്, വേട്ടയാടി ജീവിക്കുന്ന ചില മനുഷ്യവംശങ്ങള്ക്കുപ്പോലും ‘പരിഷ്കൃതരാക്കപ്പെട്ട്’ ഭൂമിയില്‍നിന്നു തുടച്ചുമാറ്റപ്പെടാതെ നിലനിൽക്കാന് പറ്റുന്നവിധത്തില്‍ നമുക്കവയെ സംരക്ഷിച്ചുകൂടെ? നമ്മുടെ ഈ കാടുകള്‍ രാജാവിന്റെ നിസ്സാരവിനോദങ്ങള്ക്കുള്ള ഇടങ്ങളല്ല; മറിച്ച് രാജാവിനെയുള്പ്പെടെ നിലനിറുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നവയാണ്. എന്തുകൊണ്ട് നമുക്കവയെ, സൃഷ്ടിയുടെ പരമാധികാരികളെ, അലസമായ കേളികള്‍ക്കും തീറ്റക്കുമായല്ലാതെ, പ്രചോദനത്തിനും നമ്മുടെ യഥാര്‍ത്ഥ പുനരുദ്ധാരണത്തിനുമായി കാത്തുസൂക്ഷിച്ചുകൂടാ? അതോ നമ്മള് ക്രൂരന്മാരെപ്പോലെ സകലതിനേയും വേട്ടയാടി നമ്മുടെ നാടിനെത്തന്നെ തിന്നുതീര്ക്കണോ?